പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് , ബി എസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Thursday 13 June 2024 7:20 PM IST

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ബംഗളുരു ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോക്സോ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ യെദിയൂരപ്പയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പ മറുപടി നൽകിയത്.

എന്നാൽ പോക്സോ കേസ് ആയതിനാൽ ജൂൺ 15ന് മുൻപ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണ സംഘം നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പുറത്തിറക്കിയത്. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയ്ക്കൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 54കാരിയായ മാതാവാണ് യെദിയൂരപ്പയ്ക്കെതിരെ പരാതി നൽകിയത്. അന്വേഷണത്തിനിടെ 54കാരി ശ്വാസകോശ കാൻസർ ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു.

Advertisement
Advertisement