ജിതു മാധവന്റെ ചാക്കോച്ചൻ ചിത്രത്തിൽ സജിൻ ഗോപുവും

Friday 14 June 2024 1:38 AM IST
kunjakko boban

സൂപ്പർ ഹിറ്റായ ആവേശത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജിൻ ഗോപുവും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം കുഞ്ചാക്കോ ബോബൻ ആണ് നിർമ്മാണം. ജിതു മാധവൻ രചനയും സംവിധാനവും നി‌ർവഹിച്ച രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് സജിൻ ഗോപു. സജിൻ ഗോപു,അനശ്വര രാജൻ എന്നിവരെ നായകനും നായികയുമാക്കി നവാഗതനായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ജിതു മാധവൻ ആണ്.

നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുകയാണ് ചാക്കോച്ചൻ. പ്രിയാ മണിയാണ് നായിക. ചിത്രം ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിലാണ്. ഷാഹി കബീർ ആണ് രചന നി‌ർവഹിക്കുന്നത്. ഈ ചിത്രത്തിനുശേഷം ജിതു മാധവന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് ചാക്കോച്ചൻ ഒരുങ്ങുന്നത്. ജിതു മാധവന്റെ ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രമാണ് കാത്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അത്. കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ ഇന്ന് റിലീസ് ചെയ്യും. ഹ്യുമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബ്ലോക് ബസ്റ്റർ ചിത്രമായ ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല' ആണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, സ്രിന്ദ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക് ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കുന്ന ബോഗയ്ൻവില്ലയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും സംഗീതം സുഷിൻ ശ്യാമുമാണ് .

Advertisement
Advertisement