കുവൈറ്റിലെ ദാരുണ ദുരന്തം
കുവൈറ്റിൽ മലയാളി വ്യവസായിയുടെ കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരണമടഞ്ഞ സംഭവം അതീവ ദാരുണവും ഞെട്ടലുളവാക്കുന്നതുമാണ്. എന്തെല്ലാം സ്വപ്നങ്ങളുമായാണ് ഈ ചെറുപ്പക്കാർ കടൽ കടന്ന് മണലാരണ്യത്തിലേക്ക് പോയിരിക്കുക. അതെല്ലാം ഒരുനിമിഷം കൊണ്ട് വെന്തു വെണ്ണീറായത് അവരുടെ കുടുംബങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണ്. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന 35 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. അതിനാൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാദ്ധ്യത. മലയാളിയായ പ്രവാസി വ്യവസായി കെ.ജി. എബ്രഹാമിന്റെ കമ്പനിയിലെ തൊഴിലാളികളാണ് മരണമടഞ്ഞത്.
സംഭവത്തെത്തുടർന്ന് കെട്ടിടത്തിന്റെയും കമ്പനിയുടെയും ഉടമകളിൽ ചിലർ, കെട്ടിടത്തിലെ ഈജിപ്‌ഷ്യൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മരണമടഞ്ഞ ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ടുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ ധനസഹായ പ്രഖ്യാപനത്തിന് പുറമെ പ്രമുഖ മലയാളി പ്രവാസി വ്യവസായികളും സഹായം പ്രഖ്യാപിച്ച് മുന്നോട്ടുവന്നത് അഭിനന്ദനീയമാണ്. യൂസഫലി 5 ലക്ഷം രൂപ വീതവും രവി പിള്ള 2 ലക്ഷം രൂപ വീതവും നൽകുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വ്യവസായികൾ സഹായം നൽകുമെന്നാണ് നോർക്ക പ്രതീക്ഷിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നോർക്കയുടെയും പ്രവാസികളുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. സംഭവം അറിഞ്ഞ ഉടനെ തന്നെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിനെ കുവൈറ്റിലേക്ക് അയയ്ക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചതും സ്വാഗതാർഹമാണ്. കുവൈറ്റ് സർക്കാരും അവരുടേതായ നിലയിൽ നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരണമടഞ്ഞ വ്യക്തിക്കു പകരമാവില്ല സഹായധനമെങ്കിലും കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഈ ഘട്ടത്തിൽ അതല്ലാതെ മറ്റൊന്നും ആർക്കും ചെയ്യാനാകില്ല.
ഗൾഫിലായാലും നമ്മുടെ രാജ്യത്തായാലും തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പല പാർപ്പിടങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളും മറ്റും പരിതാപകരമാണെന്നതിലേക്കു കൂടിയാണ് ഇത്തരം തീപിടിത്തങ്ങൾ വിരൽചൂണ്ടുന്നത്. ഇരുനൂറോളം പേരാണ് അഗ്‌നിബാധയുണ്ടായ ഫ്ളാറ്റിൽ താമസിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് തീ പടർന്നതാണെന്നും പറയുന്നുണ്ട്. എന്തായാലും ഇത്രയും ഗ്യാസ് സിലിണ്ടറുകൾ മതിയായ സുരക്ഷാക്രമീകരണമില്ലാതെ കെട്ടിടത്തിനടിയിൽ സൂക്ഷിച്ചിരുന്നത് ഗുരുതരമായ നിയമലംഘനം തന്നെയാണ്. എവിടെയായാലും അമ്പതു പേരിൽ കൂടുതൽ ഒരുമിച്ചു താമസിക്കുന്നിടത്ത് കൃത്യമായ ഇടവേളകളിൽ സുരക്ഷാ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമാണ്. ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ മുൻകൂട്ടി തടയാൻ ഉതകിയാൽ അത് നല്ലതു തന്നെയാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ നാടിനൊപ്പം ഞങ്ങളും പങ്കുചേരുന്നു.