നീറ്റ്: 6 കേന്ദ്രങ്ങളിൽ 23ന് വീണ്ടും പരീക്ഷ, 1563പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കി

Friday 14 June 2024 4:15 AM IST

 റീടെസ്റ്റ് 23ന് ഫലം 30ന് ജൂലായ് 6ന് കൗൺസലിംഗ്


ന്യൂഡൽഹി: നീറ്റ് യു. ജി ഫലത്തിൽ ഗുരുതര ക്രമക്കേടെന്ന ആക്ഷേപത്തെ തുടർന്ന് ആറു സെന്ററുകളിൽ പരീക്ഷയെഴുതിയ 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് കേന്ദ്രസർക്കാർ റദ്ദാക്കി. ഈ കേന്ദ്രങ്ങളിൽ ഈ മാസം 23ന് റീടെസ്റ്റ് നടത്തും.

യു.പി.എസ്.സി മുൻ ചെയർമാൻ അദ്ധ്യക്ഷനായ നാലംഗ സമിതിയുടെ ശുപാർശയിലാണ് നടപടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇവരെ നിയോഗിച്ചത്. ഗ്രേസ് മാർക്കിനെതിരെയുള്ള പൊതുതാത്പര്യ ഹർജികൾ ഇന്നലെ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് ഗ്രേസ് മാ‌ർക്ക് റദ്ദാക്കുന്നതായി കേന്ദ്രം അറിയിച്ചത്. നിർദ്ദേശങ്ങൾ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് അംഗീകരിച്ചു. ഹർജി തീർപ്പാക്കി.
ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകിയതിനാൽ ഇവർക്ക് പരീക്ഷയെഴുതാൻ സമയം ലഭിച്ചില്ലെന്ന് കാട്ടിയായിരുന്നു ഗ്രേസ് മാർക്ക് ദാനം. ഉത്തരമെഴുതാത്ത ചോദ്യങ്ങൾ മാത്രം കണക്കിലെടുത്ത് ഗ്രേസ് മാർക്ക് നൽകിയത് അന്യായം നടന്നെന്ന പ്രതീതിക്ക് കാരണമായെന്ന് വിലയിരുത്തിയാണ് സമിതി റദ്ദാക്കിയത്.

ഗ്രേസ് മാർക്കിലൂടെ 67 പേരാണ് ഒന്നാം റാങ്ക് നേടിയത്. അതിൽ ആറുപേർ ഹരിയാനയിലെ സെന്ററിൽ പരീക്ഷയെഴുതിയവരാണ്. ഗ്രേസ് മാർക്ക് പിൻവലിച്ചതോടെ ആറു പേരുടെയും ഒന്നാംറാങ്ക് നഷ്‌ടമാകും.

ഹരിയാനയിലെ ജജ്ജർ, ചണ്ഡിഗർ, ഛത്തീസ്ഗഢ്,​ ഗുജറാത്തിലെ സൂറത്ത്,​ ബീഹാറിലെ ബഹാദൂർഗ‌ഡ്, മേഘാലയ സെന്ററുകളിലാണ് വീണ്ടും പരീക്ഷ.

പ്രവേശനത്തിന്

റീടെസ്റ്റിലെ മാർക്ക്

റീടെസ്റ്റ് എഴുതാത്തവർക്ക് ഗ്രേസ് മാർക്ക് കുറച്ചുള്ള മാർക്കായിരിക്കും നൽകുക. റീടെസ്റ്റ് എഴുതിയാൽ ആ മാർക്കാവും മെഡിക്കൽ പ്രവേശനത്തിന് പരിഗണിക്കുക.

കൗൺസലിംഗ്

തടയില്ലെന്ന് വീണ്ടും

മെഡിക്കൽ പ്രവേശന കൗൺസലിംഗ് തടയില്ലെന്ന് സുപ്രീംകോടതി ഇന്നലെയും വ്യക്തമാക്കി. ജൂൺ 11നും സ്റ്റേ ചെയ്തില്ല. ബുധനാഴ്ച ഡൽഹി ഹൈക്കോടതിയും കൗൺസിലിംഗ് തടഞ്ഞില്ല.

ചോദ്യപേപ്പർ ചോർച്ച:

കേന്ദ്രത്തിന് നോട്ടീസ്

നീറ്ര് യു.ജി ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തിൽ കേന്ദ്രത്തിനും, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസിന് ഉത്തരവിട്ടു. മറ്റൊരു ഹർജിയിലും നോട്ടീസ് അയച്ചിരുന്നു. സമഗ്ര അന്വേഷണം വേണമെന്ന ഹർജികൾ ജൂലായ് 8ന് പരിഗണിക്കും.

ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ല. ക്രമക്കേട് നടന്നിട്ടില്ല

ധർമേന്ദ്ര പ്രധാൻ,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement