പക്ഷിപ്പനി നിയന്ത്രണ വിധേയം : പഠനത്തിന് വിദഗ്ദ്ധസംഘം

Friday 14 June 2024 1:58 AM IST

ആലപ്പുഴ : ആലപ്പുഴ, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെയും വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ളതാണ് സംഘം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് മന്ത്രി ജെ.ചിഞ്ചുറാണി നിർദേശിച്ചിട്ടുള്ളത്.

എടത്വ പഞ്ചായത്തിൽ 2024 ഏപ്രിൽ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകപനത്തോടെ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കി.

 മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 17 കേന്ദ്രങ്ങളിലായി 29120 പക്ഷികൾ ചത്തു

 മൂന്ന് ജില്ലകളിലെ 1,02,758 പക്ഷികളെ കൊന്നൊടുക്കി. 14732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചു.

 നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ 3948 താറാവുകളെയും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ 9175 കോഴികളെയും കൊന്നു

ജാഗ്രത നിർദ്ദേശങ്ങൾ

 കാക്കകളിലും മറ്റ് പറവകളിലും വളർത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക.

 ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയെയോ കൈകാര്യം ചെയ്യരുത്.

ഫാമുകളിലും കോഴി വളർത്തൽ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കേണ്ടതാണ്.

Advertisement
Advertisement