സ്കൂൾ പരിസരത്തെ ലഹരി തടയാൻ പുതിയ പദ്ധതി

Friday 14 June 2024 1:01 AM IST

ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കി. ജില്ലയിലെ 100 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്പനയും ഉപയോഗവും തടയാൻ ജില്ലാ ഭരണകൂടം പുതിയ പദ്ധതി നടപ്പാക്കും. ബോധവത്കരണം റെയ്ഡ്, നിരീക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതി ഈമാസം അവസാനത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം.

ജില്ലാകളക്ടറുടെ നിർദ്ദേശാനുസരണം പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ ഒഴുക്ക് കൂടുതലുള്ള 100സ്കൂളു‌കളു‌ടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിനോട് കളക്ടർ ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഫ്തിനിരീക്ഷണവും ശക്തമാക്കും. എക്സൈസ് ഡിവിഷൻ ഓഫീസിലെ മുഴുവൻ സമയ ജില്ലാ കൺട്രോൾ റൂമിന് പുറമേ വിമുക്തി പദ്ധതിയുടെ ചുമതലക്കാരുമായി നിരന്തരം ആശയവിനിമയം നടന്നുവരികയാണ്.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച കേരള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും പരിശോധനകൾ നടന്നുവരുന്നു. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷണൽ എസ്.ഐയെയും ഓരോ വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

കടകൾ നിരീക്ഷണത്തിൽ

 സ്കൂൾ പരിസരത്ത് കടകൾ നിരീക്ഷണത്തിൽ

 100മീറ്റർ ചുറ്റളവിൽ ലഹരിവസ്തുക്കൾ ഇല്ലെന്ന് ഉറപ്പ് വരുത്തും

 രക്ഷകർത്താക്കൾക്ക് ബോധവത്കരണം

 പുതിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ ക്ളബ്ബുകളുടെ പുനഃസംഘടന

100 : ആദ്യഘട്ടത്തിൽ നിരീക്ഷണം 100 സ്കൂളുകളിൽ

ജില്ലാതല എക്സൈസ് സ്ക്വാഡ്

എക്സൈസ് സബ് ഇൻസ്പെക്ടർ, നാല് അസി.ഇൻസ്പെക്ടർമാർ, 10 സിവിൽ എക്സൈസ് ഓഫീസർമാർ, രണ്ട് വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരുൾപ്പെട്ടതാണ് ജില്ലാതല എക്സൈസിന്റെ സ്ക്വാഡ്. ചേർത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട് സർക്കിൾ ഓഫീസുകളുടെയും കുത്തിയതോട്, ചേർത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, നൂറനാട്, കാർത്തികപ്പളളി, കായംകുളം റേഞ്ച് ഓഫീസുകളുടെയും കീഴിൽ വരുന്ന സ്കൂളുകളുടെ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകി.

"ലഹരിയുടെ ഒഴുക്ക് തടയാൻ ജില്ലാ അതിർത്തികളിലും ഗ്രാമീണമേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ പരിസരങ്ങൾ പൂർണ്ണമായും നിരീക്ഷണത്തിലാണ്.

-ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, ആലപ്പുഴ

നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്:

ഓഫീസ്: 0477 2251639

എം.മഹേഷ്(സി.ഐ):9400069494

Advertisement
Advertisement