'പെണ്‍കുട്ടിയുടെ അടിവസ്ത്രമഴിച്ച് മുന്നില്‍ നഗ്നനായി നിന്നാല്‍ ബലാത്സംഗമാകില്ല' അപ്പോള്‍ ശിക്ഷ എങ്ങനെ

Thursday 13 June 2024 10:27 PM IST
CRIME

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് നഗ്നയാക്കുകയും പുരുഷന്‍ നഗ്നനായി മുന്നില്‍ നില്‍ക്കുകയും ചെയ്താല്‍ അത് ബലാത്സംഗമാകില്ലെന്ന് കോടതി. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണ് നിരീക്ഷണം. 33 വര്‍ഷം മുമ്പ് നടന്ന ഒരും സംഭവവുമായി ബന്ധപ്പെട്ട കേസിലെ പരാതിയിലാണ് കോടതിയുടെ വിധി. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇരയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

1991ല്‍ നടന്ന ഒരു സംഭവത്തിലാണ് കോടതിയുടെ വിധി. അന്ന് പെണ്‍കുട്ടിക്ക് ആറ് വയസ്സ് മാത്രമായിരുന്നു പ്രായം. പ്രതിക്ക് 25 വയസ്സുണ്ടായിരുന്നു. പൈപ്പില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട പ്രതി കുട്ടിയെ അവിടെ നിന്ന് എടുത്ത് സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ട് പോയ ശേഷം അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് മാറ്റി വിവസ്ത്രയാക്കുകയും സ്വന്തം വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി നഗ്നനാകുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വയ്ക്കുകയും പ്രദേശത്ത് ആളുകള്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയുമായിരുന്നു.

കുട്ടിയുടെ മുത്തശ്ശിയാണ് പരാതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ഉന്നയിച്ചിരുന്നില്ല. ഈ പരാതിയില്‍ ഐപിസി 376, 511 വകുപ്പുകള്‍ ചുമത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ധന്ദ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

കേസില്‍ പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമമെന്ന കുറ്റത്തിനാണ് പ്രതിയെ ടോങ്ക് ജില്ലാ കോടതി ശിക്ഷിച്ചത്. വിചാരണക്കാലത്ത് രണ്ടര മാസം പ്രതി ജയിലിലായിരുന്നു. വിചാരണക്കോടതി വിധിയിലെ ഐപിസി. 376, 511 വകുപ്പുകള്‍ എടുത്ത് കളഞ്ഞ ഹൈക്കോടതി 354-ാം വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Advertisement
Advertisement