'എല്ലാം മതിയാക്കി തിരിച്ചുവരും " കേളുവിന്റെ മടക്കം വാക്കുപാലിക്കാനാകാതെ

Thursday 13 June 2024 10:32 PM IST

തൃക്കരിപ്പൂർ: കഴിഞ്ഞ സെപ്തംബറിലായിരുന്നു കുവൈത്തിലെ എൻ.ബി.ടി.സി കമ്പനി ജീവനക്കാരനായ പൊന്മലേരി കേളു അവസാനമായി നാട്ടിലെത്തിയത്. പിലിക്കോട് എരവിലിൽ നിന്ന് ഇളമ്പച്ചി തെക്കുമ്പാട്ട് പുതിയ വീട് വച്ച് താമസം തുടങ്ങിയത് ഏതാനും ഏതാനും വർഷം മുമ്പായിരുന്നു. ഇരുപത് വർഷത്തോളമെത്തി നിൽക്കുന്ന ഗൾഫ് ജീവിതം അടുത്ത വരവോടെ മതിയാക്കാമെന്നായിരുന്നു ഭാര്യ കെ.എൻ.മണിക്ക് ഈ പ്രവാസി നൽകിയ വാക്ക്. ആകസ്മികമായെത്തിയ ദുരന്തം കേളുവിനെ വിഴുങ്ങിയപ്പോൾ കുടുംബത്തോടൊപ്പം കണ്ണീർപൊഴിക്കുകയാണ് നാട്ടുകാരും.

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ കൂട്ടത്തിൽ കേളുവും ഉണ്ടെന്നറിഞ്ഞതോടെ തെക്കുമ്പാടെ വീട്ടിലേക്ക് ആളുകളെത്തിത്തുടങ്ങി. ദുരന്തം ഉൾക്കൊള്ളാൻ കഴിയാതെ തകർന്ന് കിടക്കുന്ന മണിയേയും മക്കളെയും ആശ്വസിപ്പിക്കാൻ പക്ഷെ ആർക്കും കഴിഞ്ഞില്ല.ഇന്ത്യൻ എംബസിയിൽ നിന്ന് ദുരന്തവിവരം സ്ഥിരീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മണിയെ ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂനെയിൽ ജോലി ചെയ്യുന്ന ഋഷികേശ് ,എറണാകുളത്ത് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന ദേവകിരണും പിതാവിന് സംഭവിച്ച ദുരന്തമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.

ഇരട്ടദുരന്തം ഒഴിവായ ആശ്വാസവും

തീപ്പിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി രക്ഷപ്പെട്ട നളിനാക്ഷന്റെ വീട് തെക്കുമ്പാട് നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരത്താണ്. അപകടത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതിൽ ആശ്വസിക്കുകയാണ് നാട്. പരിക്കേറ്റ നളിനാക്ഷൻ ഇന്നലെ ഓപ്പറേഷന് വിധേയനായി.ഇദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന വിവരം കുവൈത്തിലെ ആശുപത്രിയിൽ നിന്നും കുടുംബത്തിന് ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement