കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട എക്സൈസ് പിടിയിൽ

Friday 14 June 2024 12:40 AM IST

ആലപ്പുഴ: ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ മൊത്തക്കച്ചവടക്കാർക്കും ചില്ലറ വില്പനകാർക്കും കഞ്ചാവ് എത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. നൂറനാട് പുതുപ്പള്ളി കുന്നം വിട്ടിൽ ഖാൻ ഷൈജുഖാൻനെയാണ് നൂറനാട് എക്‌സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം പിടിച്ചത്. 13ന് ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ 1.5കിലോ കഞ്ചാവും കണ്ടെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ഖാൻ. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വില്പന നടത്തിയതിന് എക്‌സൈസ് കേസെടുത്തിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എം.കെ.ശ്രീകുമാർ, കെ.സുരേഷ്‌ കുമാർ, പ്രിവന്റീവ് ഓഫീസർ അശോകൻ, സിനുലാൽ, അരുൺ, ആർ.പ്രകാശ് സിവിൽ എക്‌സൈസ് ഓഫീസർ പ്രവിൺ, അനു, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയലക്ഷ്മി, എക്‌സൈസ് ഡ്രൈവർ സന്ദിപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.