250 കിലോമീറ്റര്‍ വേഗത, യാത്രാനിരക്ക് തുച്ഛം; അമൃത് ഭാരത് എക്‌സ്‌പ്രെസ് റീ ലോഡഡുമായി റെയില്‍വേ വരുന്നു

Thursday 13 June 2024 11:20 PM IST

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യയില്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. വന്ദേഭാരത് ട്രെയിനുകള്‍ സൂപ്പര്‍ഹിറ്റായി വിവിധ റൂട്ടുകളില്‍ ഓടുന്നു. വന്ദേഭാരത് സ്ലീപ്പര്‍ എഡിഷന്‍, വന്ദേഭാരത് മെട്രോ എന്നിവ പണിപ്പുരയിലാണ്. ആധുനികവത്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന റെയില്‍വേ വരും വര്‍ഷങ്ങളെ ലക്ഷ്യമിട്ട് കൂടുതല്‍ അമൃത് ഭാരത് ട്രെയിനുകളും രംഗത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നോണ്‍ എസിയായി സാധാരണക്കാരെ ലക്ഷ്യംവച്ച് ട്രാക്കിലിറക്കിയ ട്രെയിനിന്റെ മുഖം മിനുക്കിയുള്ള വെര്‍ഷന്‍ ഉടന്‍ ഇറങ്ങുമെന്നാണ് സൂചന.

വന്ദേസാധാരണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ട ട്രെയിന്‍ പിന്നീട് അമൃത് ഭാരത് എക്‌സ്‌പ്രെസ് എന്ന് പേര് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. 2024ല്‍ ഇത്തരത്തിലുള്ള 50 ട്രെയിനുകള്‍ ട്രാക്കിലിറക്കുമെന്നും 1000 ട്രെയിനുകള്‍ പണിപ്പുരയിലാണെന്നും റെയില്‍വേ മന്ത്രി തന്നെ അറിയിച്ചിരുന്നു.

22 കോച്ചുകളുള്ള ട്രെയിനില്‍ എട്ട് അണ്‍റിസര്‍വ്ഡ് കംപാര്‍ട്‌മെന്റും 12 സ്ലീപ്പര്‍ കോച്ചുകളും ഉള്‍പ്പെടുന്നു. പുഷ്പുള്‍ എഞ്ചിനാണ് ട്രെയിനിനുള്ളത്. പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് എല്ലാ രീതിയിലും ആധുനിക സൗകര്യങ്ങളാണ് ഈ ട്രെയിനിലുള്ളത്. ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്കുകള്‍, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുകളുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.

വരാനിരിക്കുന്ന അമൃത് ഭാരത് എക്സ്‌പ്രെസില്‍ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍കണ്ടീഷന്‍ ചെയ്ത (എസി) കോച്ചുകളും, നോണ്‍ എസി കോച്ചുകളും ഉള്‍പ്പെടുമെന്ന് വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു. യാത്രാനിരക്കും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിലയിലായിരിക്കും. എന്നാല്‍ എ.സി കോച്ചുകളില്‍ നിലവില്‍ സാധാരണ ട്രെയിനുകളിലെ അതേ നിരക്ക് ആയിരിക്കുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ ദൂരം (1-50 കിലോമീറ്റര്‍) 35 രൂപ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും 1000 കി.മീ ദൂരത്തിന് 500 രൂപയില്‍ താഴെയായിരിക്കുമെന്നുമാണ് സൂചന.

Advertisement
Advertisement