സ്ഥിതിഗതികൾ വിലയിരുത്തി മോദി, ഭീകരത അവസാനിപ്പിക്കാൻ എല്ലാ ശക്‌തിയും പ്രയോഗിക്കണം

Friday 14 June 2024 12:49 AM IST

ന്യൂഡൽഹി : ജമ്മു കാശ്‌മീരിൽ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരപ്രവർത്തനം അമർച്ച ചെയ്യാൻ രാജ്യത്തിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങളും മുഴുവൻ ശക്തിയോടെ പ്രയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നത സുരക്ഷായോഗത്തിലാണ് നിർദ്ദേശം നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ ഒൻപതിന് റിയാസിയിലുണ്ടായ ആക്രമണത്തിൽ ഒൻപത് പേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പിന്നാലെ കത്വയിലും ദോഡയിലും ഭീകരാക്രമണമുണ്ടായി. ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്രുമുട്ടലിനിടെ ജവാന് വീരമൃത്യു സംഭവിച്ചിരുന്നു.

പൂർണസജ്ജമാകണം

ജമ്മു കാശ്‌മീരിലെ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അവിടെ സ്വീകരിച്ച നടപടികൾ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അറിയിച്ചു. ഇത്തരം ആക്രമണങ്ങളുണ്ടായാൽ ഉടനടി പ്രതികരിക്കുന്ന വിധത്തിൽ സംവിധാനങ്ങൾ പൂർണസജ്ജമാകണമെന്ന് മോദി പറഞ്ഞു. ഇതിനിടെ, മേഖലയിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി വിലയിരുത്തി. സുരക്ഷാസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു. ജമ്മു കാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടും വിവരങ്ങൾ തിരക്കി.

അപലപിച്ച് ഇന്ത്യ

ജമ്മുകാശ്‌മീർ വിഷയത്തിലെ ചൈന - പാക് സംയുക്‌ത പ്രസ്‌താവനയെ അപലപിച്ച് ഇന്ത്യ. ഇന്ത്യൻ അതിർത്തി സംബന്ധിച്ച് അനാവശ്യമായ പരാമർശങ്ങൾ നടത്തുന്നു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സ്ഥിരമാണ്. അക്കാര്യം നന്നായി ചൈനയ്‌ക്കും പാകിസ്ഥാനും അറിയാം. വിഷയത്തിൽ പരാമ‌ശം നടത്താൻ ഒരു രാജ്യത്തിനും അധികാരമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. അതിർത്തിയിൽ കടന്നുകയറാനുള്ള ഏത് നീക്കവും രാജ്യം ചെറുക്കും. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടികൾ ഏത് രാജ്യത്തിന്റെ ഭാഗത്തു നിന്നുണ്ടായാലും എതിർക്കുമെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement