മോദി ഇന്ന് ജി 7 ഉച്ചകോടിയിൽ

Friday 14 June 2024 12:54 AM IST

ന്യൂഡൽഹി : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ ഇറ്റലിയിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് ലോക നേതാക്കളുമായി നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടിയിൽ ആഗോള സമാധാനം അജൻഡയാണ്. യുക്രെയിൻ,​ ഗാസ സംഘർഷങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. ഇറ്റലിയുമായി ഇന്തോ-പസഫിക് മേഖലയിൽ ഉൾപ്പെടെയുള്ള സഹകരണം, നയതന്ത്ര തലത്തിലെ പങ്കാളിത്തം എന്നിവ ചർച്ചയാകും.യു.എസ് പ്രസിഡന്റ് ജോ ബൈഡൻ,​ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ,​ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയ ലോകനേതാക്ക‍ളുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഖാലിസ്ഥാൻ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടക്കുമോയെന്ന് വ്യക്തമല്ല.

സന്തോഷമെന്ന് മോദി

മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്കാണെന്നത് സന്തോഷകരമാണെന്ന്, യാത്ര പുറപ്പെടും മുൻപ് മോദി പ്രതികരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകും. ഭൂമിയിലെ ജീവിതം മെച്ചമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ട് ഒരുപിടി വിഷയങ്ങളിൽ ലോകനേതാക്കളുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി. 50-ാമത് ജി 7 ഉച്ചകോടി ഇറ്റലിയിലെ അപുലിയയിലാണ് നടക്കുന്നത്.

Advertisement
Advertisement