ക്യൂബൻ തീരത്ത് റഷ്യൻ യുദ്ധക്കപ്പലുകൾ  ഭീഷണിയില്ലെന്ന് യു.എസ്

Friday 14 June 2024 7:44 AM IST

ന്യൂയോർക്ക്: റഷ്യൻ അന്തർവാഹിനിയും യുദ്ധക്കപ്പലുകളും ക്യൂബൻ തീരത്ത് എത്തിയത് ഭീഷണി ഉയർത്തുന്നില്ലെന്ന് യു.എസ്. റഷ്യ മറ്റ് രാജ്യങ്ങളിൽ നടത്തുന്ന പതിവ് നാവിക സന്ദർശനമായാണ് ഇതിനെ കാണുന്നതെന്നും യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വ്യക്തമാക്കി. ബുധനാഴ്ചയാണ് റഷ്യയുടെ ആണവ അന്തർവാഹിനിയായ 'കസാൻ" അത്യാധുനിക യുദ്ധക്കപ്പലായ അഡ്‌മിറൽ ഗോർഷ്കൊവ് അടക്കം മൂന്ന് കപ്പലുകളുടെ അകമ്പടിയോടെ ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയുടെ തീരത്തെത്തിയത്. യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിന്ന് 90 മൈൽ മാത്രം അകലെയുള്ള ഹവാന ബേയിലാണ് അന്തർവാഹിനിയും കപ്പലുകളുമുള്ളത്. അതിശക്തമായ സിർകോൺ ഹൈപ്പർസോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ളവയാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും. ഇരുരാജ്യങ്ങളിലെയും നാവിക സേനകൾക്കിടെയിലെ പതിവ് സൗഹൃദ സന്ദർശനത്തിന്റെ ഭാഗമാണിതെന്ന് ക്യൂബ പറയുന്നു. എന്നാൽ, യുക്രെയിൻ സംഘർഷത്തിന്റെ പേരിൽ തങ്ങളെ ഒറ്റപ്പെടുത്തുന്ന യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിലുള്ള ശക്തിപ്രകടനമായാണ് റഷ്യയുടെ നീക്കങ്ങൾ. കപ്പലിലെ നാവികർ ക്യൂബൻ തീരത്ത് സൈനിക പരിശീലനം നടത്തിയേക്കും. അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് മിസൈലുകൾ ഉപയോഗിച്ച് സൈനികാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് സംഘം ക്യൂബൻ തീരത്തെത്തിയത്. അഞ്ച് ദിവസം ക്യൂബൻ തീരത്ത് തുടർന്ന ശേഷം സംഘം വെനസ്വേലയിലേക്ക് തിരിക്കും. നീക്കങ്ങളെ യു.എസ് സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Advertisement
Advertisement