കൊടുംചൂടിൽ വലഞ്ഞ് ഗ്രീസ്

Friday 14 June 2024 7:44 AM IST

ഏഥൻസ് : കടുത്ത ചൂടിനെ തുടർന്ന് തലസ്ഥാനമായ ഏഥൻസിലെ ചരിത്ര പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ച് ഗ്രീസ്. ഇക്കൊല്ലത്തെ ആദ്യ ഉഷ്ണ തരംഗത്തിലൂടെയാണ് ഏഥൻസ് കഴിഞ്ഞ മൂന്ന് ദിവസമായി കടന്നുപോകുന്നത്. വടക്കേ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ അക്രോപൊലിസ് അടക്കമുള്ള ചരിത്ര സ്മാരകങ്ങൾ ഇന്നലെ ഉച്ചയ്ക്ക് അടച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൈമറി സ്കൂളുകളും നഴ്‌സറികളും അടച്ചു.

നാളെ ചൂടിന് ശമനമുണ്ടായേക്കുമെന്നാണ് പ്രവചനം. ഏഥൻസിലെത്തിയ വിനോദ സഞ്ചാരികളിൽ ചിലർ ചൂട് സഹിക്കാനാകാതെ തളർന്നുവീണു. ചിലർ ഇവിടുത്തെ വാട്ടർ ഫൗണ്ടനുകളിൽ നിന്നും മറ്റും ജലം ശേഖരിച്ച് കുടിക്കുകയും ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു. എയർകണ്ടീഷനറുള്ള ഇടങ്ങളിലേക്ക് അഭയം തേടിയവരും കുറവല്ല. ഇതിനിടെ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതും വെല്ലുവിളിയാണ്.

നിലവിൽ കാട്ടുതീ നിയന്ത്രണവിധേയമാണെങ്കിലും ചൂടു കാറ്റ് ശക്തിപ്രാപിക്കുന്നതിലൂടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായേക്കാമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. യൂറോപ്പിൽ ആഗോളതാപനത്തിന്റെ ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യമാണ് ഗ്രീസ്.

Advertisement
Advertisement