'ധാർഷ്ട്യം കാരണം ശ്രീരാമൻ 241 ൽ നിർത്തി': ബിജെപിക്കെതിരെ വിമ‌‌ർശനവുമായി ആർഎസ്എസ് നേതാവ്

Friday 14 June 2024 10:44 AM IST

നാഗ്പൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മോശം പ്രകടനത്തിൽ വിമർശനവുമായി ആർഎസ്എസ് നേതാവും പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാർ. തിരഞ്ഞെടുപ്പ് ഫലം അഹങ്കാരത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌പൂരിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരോക്ഷമായി വിമർശിച്ചിരുന്നു.

'ശ്രീരാമ ഭക്തിയുള്ളവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടിയെ ഏറ്റവും വലിയ പാർട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാർഷ്ട്യം കാരണം ശ്രീരാമൻ 241 ൽ നിർത്തി'-ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ 241 സീറ്റുകൾ മാത്രം നേടിയ പശ്ചാത്തലത്തിലായിരുന്നു വിമർശനം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു.

ഇന്ത്യ മുന്നണിക്കെതിരെയും ഇന്ദ്രേഷ് കുമാർ വിമർശനം ഉന്നയിച്ചു. അവർ രാമനെതിരാണെന്ന തരത്തിൽ മുദ്ര കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 'രാമനിൽ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ൽ നിർത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്'- അദ്ദേഹം പറഞ്ഞു. നേരത്തെ ആർഎസ്എസ് മുഖപത്രത്തിലും ബിജെപിക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും അമിത ആത്മവിശ്വാസം പ്രതിക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമായെന്നാണ് ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തലുണ്ട്. നരേന്ദ്രമോദി മാജിക് 543 മണ്ഡലങ്ങളിലും സഹായിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി ആർഎസ്എസിനെ സമീപിച്ചില്ലെന്നും ഏറ്റവും പുതിയ പതിപ്പിൽ രത്തൻ ശാരദ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement