14 പുതിയ റൂട്ടുകൾ; നടപ്പായാൽ ഇന്ത്യൻ റെയിൽവെയുടെ മുഖം മാറും, ടൂറിസം മേഖല കുതിക്കും

Friday 14 June 2024 11:42 AM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിവേ റൂട്ടുകൾക്കായുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്ക് ഇന്ത്യൻ റെയിവേ അനുമതി നൽകി. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലൂടെ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ച് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് 14 പുതിയ റെയിൽവേ റൂട്ടുകൾക്കുള്ള ലൊക്കേഷൻ സർവ്വേയ്ക്കാണ് ഇന്ത്യൻ റെയിൽവെ അനുമതി നൽകിയിരിക്കുന്നത്. അടുത്തിടെ 1,275.50 കിലോമീറ്റർ വരുന്ന സർവേയ്ക്ക് റെയിൽവേ അനുമതി നൽകിയിരുന്നു.

സർവ്വേ പൂർത്തീകരിച്ച് പുതിയ റൂട്ടുകൾ പ്രവർത്തന ക്ഷമമായാൽ അയൽ രാജ്യങ്ങളിലേക്കും വടക്കുകിഴക്കൻ മേഖലകളിലേക്കുമുള്ള റെയിൽ കണക്ടിവിറ്റി മെച്ചപ്പെടുകയും വ്യാപാര-ടൂറിസം പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിക്കുകയും ചെയ്യുമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറായ സബ്യസാചി ഡി പറഞ്ഞു. വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽപാത സിലിഗുരി ഇടനാഴിയിലൂടെയാണ് നീങ്ങുക.

തന്ത്രപരമായ കാരണങ്ങളാൽ ഇന്ത്യൻ സർക്കാർ വടക്കുകിഴക്കൻ ഭാഗങ്ങളെ റെയിൽവേ വഴി ബംഗ്ലാദേശിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ ആരായുകയാണെന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ ടെലഗ്രാഫിനോട് പറഞ്ഞു. അങ്ങനെ സാദ്ധ്യമായാൽ സിലിഗുരി ഇടനാഴിയിലൂടെ നീങ്ങുന്ന നിലവിലുള്ള റൂട്ടിനെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ ഇത് വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള യാത്രാ സമയം കുറയാനും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കാൻ ഇന്ത്യയെ അനുവദിക്കാനുള്ള ബംഗ്ലാദേശ് സർക്കാരിന്റെ തീരുമാനം വടക്കുകിഴക്കൻ മേഖലയുമായി മികച്ച കണക്ടിവിറ്റി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് സഹായകമായി. ബംഗ്ലാദേശിൽ 861 കിലോമീറ്ററും നേപ്പാളിൽ 202.50 കിലോമീറ്ററും വടക്കൻ ബംഗാളിലും വടക്കുകിഴക്കൻ മേഖലകളിലുമായി 212 കിലോമീറ്ററുമാണ് സർവേ നടത്തുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Advertisement
Advertisement