"അതിനൊന്നും എന്റെ മനസ് പാകപ്പെട്ടിട്ടില്ല"; വെളിപ്പെടുത്തലുമായി കനി കുസൃതി

Friday 14 June 2024 1:03 PM IST

സാമൂഹിക വിഷയങ്ങളിലടക്കം സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് കനി കുസൃതി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിൽ നായകന്മാർ ശ്രദ്ധ നേടുന്നതുപോലെ നായികമാർ ശ്രദ്ധ നേടുന്നില്ലെന്നാണ് നടിയുടെ അഭിപ്രായം. എല്ലാ മേഖലകളിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണെന്നും സമൂഹത്തിൽ അർഹമായ സ്ഥാനം ലഭിക്കാൻ അവർ ഇപ്പോഴും പോരാടുകയാണെന്നും കനി കുസൃതി വ്യക്തമാക്കി.
'ആവേശ'ത്തിൽ ഫഹദ് അവതരിപ്പിച്ച രംഗണ്ണനെപ്പോലെ സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഇംപ്രഷൻ ഉണ്ടാക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാനേയില്ലെന്നും ഉർവശി മാഡത്തിന് അങ്ങനെ നിൽക്കാൻ സാധിച്ചിട്ടുണ്ടെന്നും കനി പറയുന്നു.

സിനിമകളിൽ വയലൻസ് രംഗങ്ങൾ കാണിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും കനി കുസൃതി വ്യക്തമാക്കി. ഒരു പ്രേക്ഷക എന്ന നിലയിൽ അതൊന്നും കാണാൻ ശ്രമിക്കാറില്ല. അതിനൊന്നും എന്റെ മനസ് ഇതുവരെ പാകപ്പെട്ടിട്ടില്ല. ആദ്യമായി വയലൻസ് കണ്ട ചിത്രം ആവേശമാണെന്നും അത്തരത്തിലുള്ള ഇടി ചിത്രങ്ങൾ കാണാനുള്ള മനശക്തി തനിക്ക് ഇല്ലായിരുന്നുവെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.


പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻ ചലച്ചിത്ര മേളയിൽ തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി കനി കുസൃതി എത്തിയത് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനി കുസൃതിയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈ‌റ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്.

Advertisement
Advertisement