പ്ളസ്‌ടു കഴിഞ്ഞ് നിൽക്കുന്നവരേ, ഈ 17 അവസരങ്ങളിൽ ഏതാണ് നിങ്ങൾ വിനിയോഗിച്ചത്?

Friday 14 June 2024 1:22 PM IST

പ്ലസ് ടു ഫലം വന്നശേഷം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന്റെ തിരക്കിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കോഴ്സുകളുടെ പ്രവേശനനടപടികൾ, ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയവ ചുരുക്കത്തിൽ മനസിലാക്കാം.

* CUET UG പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള UG കോഴ്‌സുകൾക്കുള്ള കൗൺസലിംഗ് പ്രക്രിയയിലാണ്. കോഴ്‌സുകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് സ്ഥാപനപരമായ കൗൺസിലിംഗിന് അപേക്ഷിക്കാം.

* ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷാഫലം വന്നു. എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ഐ.ഐ.ടികൾ എന്നിവിടങ്ങളിലെ ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകൾക്ക് -ജോസയിൽ- ഇപ്പോൾ രജിസ്റ്റർ ചെയ്ത് ചോയ്‌സ് ഫില്ലിംഗ് നടത്തണം. രജിസ്‌ട്രേഷൻ ജൂൺ 18 വരെ.

* ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി, മറ്റ് കോഴ്‌സുകൾ എന്നിവയ്ക്കുള്ള CUSAT CAT ഫലം കൊച്ചി സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാല പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് നടപടികൾ ആരംഭിച്ചു.

* സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ, കോഓപ്പറേറ്റീവ് എൻജിനിയറിംഗ് പ്രോഗ്രാമുകളിലെ ബി.ടെക് പ്രവേശനം കേരള പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന KEAM എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലൂടെയാണ്. പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.

*എം.ബി.ബി.എസ്, ബി.ഡി.എസ്, അലൈഡ് ഹെൽത്ത് (AYUSH), അഗ്രികൾച്ചർ, വെറ്ററിനറി സയൻസസ്, ഫോറസ്ട്രി, ഫിഷറീസ്, മറ്റ് അഗ്രികൾച്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് യു.ജി- 24 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് എട്ടിന് ശേഷം കൗൺസലിംഗ് പ്രക്രിയ നടക്കും. ആയുഷ് കോഴ്‌സുകളുടെ കൗൺസലിംഗ് www.aaccc.gov.in വഴിയും മെഡിക്കൽ കോഴ്‌സുകളിലേക്കു www.mcc.nic.in വഴിയുമാണ്.

* കേരളത്തിൽ നീറ്റിന് കീഴിൽ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ വിദ്യാർത്ഥികൾ നീറ്റ് സ്‌കോറും റാങ്കും www cee kera.gov.in വഴി പ്രവേശന പരീക്ഷ കമ്മിഷണറുടെ വിജ്ഞാപനമനുസരിച് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

* ഫാർമസി കോഴ്‌സുകളിൽ പ്രവേശനത്തിനായി KEAM ഒന്നാം പേപ്പർ എഴുതിയിട്ടുള്ളവർക്ക് ജൂൺ അവസാനവാരം KEAM ഫാർമസി റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.

* ആർക്കിടെക്ചറിൽ ബി.ആർക്ക് പ്രവേശനം NATA/JEE മെയിൻ രണ്ടാം പേപ്പർ ഫലത്തെ അടിസ്ഥാനമാക്കിയാണ്. ബി. പ്ലാനിംഗ് പ്രവേശനം ജെ.ഇ.ഇ മെയിൻ മൂന്നാം പേപ്പർ സ്‌കോർ പ്രകാരമാണ്.

* സെൻട്രൽ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ, എയിംസ്, എ.എഫ്.എം.സി, JIPMER എന്നിവിടങ്ങളിലെ ബി.എസ്‌സി നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്‌കോറിലൂടെയാണ്. കേരളത്തിൽ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം പ്ലസ് ടു മാർക്കിലൂടെയാണ്.

* അഖിലേന്ത്യാ ക്വാട്ടയ്ക്ക് കീഴിലുള്ള അഗ്രികൾച്ചർ സീറ്റുകളിലേക്കുള്ള പ്രവേശനം CUET-UG റാങ്കുകളിലൂടെയാണ്. അതേസമയം, വെറ്ററിനറി സയൻസ് യു.ജി പ്രോഗ്രാമിനുള്ള ആൾ ഇന്ത്യ ക്വാട്ടയിൽ 15 ശതമാനം വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ നികത്തും. ഇതിനായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും.

* രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെറ്ററിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ബി.വി.എസ്‌സി, എ.എച്ച് എന്നിവയിലേക്കുള്ള പ്രവേശനം - റിവർ, പുതുച്ചേരി എൻ.ആർ.ഐ, മറ്റ് സംസ്ഥാന ക്വോട്ട എന്നിവ നീറ്റ് റാങ്കുകളുടെ അടിസ്ഥാനത്തിൽ CENTAC-ആണ് നടത്തുന്നത്.

* ബി.എസ്‌സി പാരാമെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എൽ.ബി.എസ് സെന്റർ വഴിയാണ് പ്രവേശനം നടക്കുന്നത്.

* സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ, സ്വകാര്യ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി പുരോഗമിക്കുകയാണ്.

* ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, പാചക കലകൾ (Culinary arts) എന്നിവയിലേക്കുള്ള പ്രവേശനം സംയുക്ത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

സംസ്ഥാനത്ത് സംയോജിത (Integrated) നിയമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന സർക്കാർ Kerala Law Entrance Exam (KLEE) നടത്തും. 26 ദേശീയ നിയമ സർവ്വകലാശാലകളിലെ സംയോജിത (integrated) നിയമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) അടിസ്ഥാനമാക്കിയാണ്. അത് ഡിസംബർ 24 ന് നടക്കും.

* നീറ്റ് കട്ട് ഓഫ് മാർക്കിലൂടെയാണ് ചൈന, റഷ്യ, ജോർജിയ, പോളണ്ട്, നെതർലാൻഡ്‌സ്, ഫിലിപ്പീൻസ്, നേപ്പാൾ, കിർക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ബൾഗേറിയ തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനം.

* യു.എസ്.എ, യു.കെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ SAT, TOEFL/IELTS സ്‌കോറുകൾ കൂടി അടിസ്ഥാനമാക്കിയാണ് പ്രവേശനം.

Advertisement
Advertisement