ചർച്ചകളിൽ വീണ്ടും അത്താണി കെൽട്രോൺ

Saturday 15 June 2024 12:00 AM IST

21 വർഷം മുൻപ് അടച്ചുപൂട്ടിയ സ്ഥാപനം പ്രതിരോധ മേഖലയിലേക്ക്‌

വടക്കാഞ്ചേരി: സംസ്ഥാനത്തിന്റെ വ്യവസായ ശബ്ദമായിരുന്ന കെൽട്രോണിന്റെ പുനരുദ്ധാരണ ചർച്ചകൾ വീണ്ടും സജീവം. കോടികൾ മൂല്യമുള്ള കെട്ടിടങ്ങളും ഏക്കർ കണക്കിന് ഭൂമിയും സാമൂഹിക വിരുദ്ധരുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ നടപടി തുടങ്ങി. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച കെൽട്രോൺ പുനരുദ്ധാരണ പദ്ധതികൾ കടലാസിൽ ഉറങ്ങുമ്പോൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണ് കെൽട്രോണിന്റെ ഏക്കർ കണക്കിന് ഭൂമിയും അനുബന്ധ സൗകര്യങ്ങളും.

സ്ഥാപനത്തിന്റെ പുനരുദ്ധാരണം സജീവ പരിഗണനയിലാണെന്നും പ്രതിരോധ മേഖലയിലെ സുപ്രധാന സ്ഥാപനം ആരംഭിക്കാൻ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സമർപ്പിച്ചിട്ടുണ്ടെന്നും സേവ്യ‌ർ ചിറ്റിലപ്പിള്ളി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് മന്ത്രി കെൽട്രോൺ സന്ദർശിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് വ്യവസായ ഐ.ടി മുന്നേറ്റത്തിന്റെ ചാലകശക്തിയിയാരുന്നു കെൽട്രോൺ. എന്നാൽ വ്യവസായ വിപ്ലവത്തിൽ ഒട്ടേറെ കമ്പനികൾ സംസ്ഥാനത്ത് വേരുറപ്പിച്ചതും, വൻതോതിലുള്ള ഇറക്കുമതിയും തിരിച്ചടിയായി. വല്ലാതെ ശോഷിച്ച കെൽട്രോൺ 2003ൽ പ്രവർത്തനം അവസാനിപ്പിച്ചു.

കെൽട്രോൺ പവർഡിവൈസസ്, കെൽട്രോൺ റെക്ടിഫയേഴ്‌സ് എന്നീ സ്ഥാപനങ്ങൾ ലിക്വിഡേഷൻ നടപടികൾ നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ വ്യവഹാര നടപടികളും നിലനിൽക്കുന്നു. ഇതിനിടെയാണ് മന്ത്രിയുടെ നിയമസഭയ്ക്കകത്തെ മറുപടി പ്രതീക്ഷയാകുന്നത്. മുൻ ഡയറക്ടർമാർ നൽകിയ സ്റ്റേറ്റ്‌മെന്റ് ഒഫ് അഫയേഴ്‌സ് പ്രകാരം 44.13 കോടി രൂപയുടെ ബാദ്ധ്യതയാണുള്ളത്.

മുളങ്കുന്നത്തുകാവിലെ വസ്തു: 12.19 ഏക്കർ

ആസ്തിയിൽ മേൽ ബാദ്ധ്യത: 44.13 കോടി രൂപ

കെൽട്രോൺ റെക്ടിഫയേഴ്‌സ് ബാദ്ധ്യത 15.68 കോടി രൂപ

കെൽട്രോൺ പവർ ഡിവൈസസ് ബാദ്ധ്യത: 28.45 കോടി രൂപ

ചുറ്റുമതിലുകൾ ഇടിയുന്നത് ജനവാസ മേഖലയിലേക്ക്

വടക്കാഞ്ചേരി: അതീവ ജീർണാവസ്ഥയിലായ ഭീമൻ ചുറ്റുമതിലുകൾ ജനവാസ മേഖലയിലേക്ക് തകർന്ന് വീഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നുണ്ട്. ഒട്ടേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉദയനഗർ പുലിക്കപ്പുറം പാതയിലേക്കാണ് മതിലിന്റെ ഭാഗങ്ങൾ നിരന്തരം തകർന്ന് വീഴുന്നത്. ആരോട് പരാതി പറയുമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.

Advertisement
Advertisement