1800 കോടിയുടെ ആസ്‌തി, രണ്ട് വർഷത്തെ ഡേറ്റിംഗ് വിവാഹത്തിലേക്ക്; പവൻ കല്യാണിന്റെ റഷ്യൻ പ്രണയം

Friday 14 June 2024 4:03 PM IST

ആന്ധ്രാപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എൻഡിഎ മുന്നണിയുമായി കൈകോർത്ത് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് പവൻ കല്യാൺ. പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി 21 സീറ്റുകളിലാണ് മത്സരിച്ച് വിജയിച്ചത്. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വീട്ടിൽ എത്തിയ പവൻ കല്യാണിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിൽ എത്തിയ താരത്തെ ഭാര്യ അന്ന ലെഷെനെവ ആരതി ഉഴിഞ്ഞാണ് വീട്ടിലേക്ക് സ്വീകരിച്ചത്. വീഡിയോ വൈറലായതോടെ പവൻ കല്യാണിന്റെ റഷ്യക്കാരിയായ ഭാര്യയെക്കുറിച്ച് തിരയുകയാണ് സോഷ്യൽ മീഡിയ. ആദ്യ രണ്ട് വിവാഹങ്ങൾ പരാജയപ്പെട്ടതോടെയാണ് പവൻ അന്നയെ വിവാഹം കഴിക്കുന്നത്.

1980ൽ റഷ്യയിലാണ് അന്ന ജനിച്ചത്. മോഡലിംഗ് രംഗത്ത് സജീവമായ അന്ന 2011ൽ തീൻ മാറിന്റെ ചിത്രീകരണത്തിനിടെയാണ് പവൻ കല്യാണിനെ പരിചയപ്പെടുന്നത്. തുടക്കകാലത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം 2013ൽ ആണ് ഇരുവരും വിവാഹിതരായത്. പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ് അന്ന. ദമ്പതികൾക്ക് മാർക്ക് ശങ്കർ പവനോവിച്ച് എന്നൊരു മകനുണ്ട്. അന്നയുടെ ആദ്യ വിവാഹത്തിൽ പോളീന അഞ്ജന പവനോവ എന്ന മകളുമുണ്ട്.

മോഡലിംഗ് ജീവിതത്തിനപ്പുറം, അന്നയ്ക്ക് സിംഗപ്പൂരിൽ ഹോട്ടൽ ശൃംഖലകൾ ഉണ്ടെന്നും റഷ്യയിലും സിംഗപ്പൂരിലുമുള്ള സ്വത്തുക്കൾ ഉൾപ്പെടെ ഏകദേശം 1800 കോടി രൂപയുടെ ആസ്തികളുണ്ടെന്നും റിപ്പോർട്ടുണ്ട്. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹമായതുകൊണ്ട് തന്നെ ആ സമയത്ത് അന്നയുടെ വരവ് വലിയ ചർച്ചയായിരുന്നു.

1997ൽ 19കാരിയായ നന്ദിനിയെയാണ് പവൻ ആദ്യമായി വിവാഹം കഴിക്കുന്നത്. എന്നാൽ 2008ൽ ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തി. പിന്നീട് 2009ൽ തെലുങ്ക് നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അകിര നന്ദൻ, ആദ്യ എന്നീ രണ്ട് മക്കളുണ്ട്. 2012ലാണ് പവൻ കല്യാൺ രേണുവുമായുള്ള വിവോഹമോചനം നേടുന്നത്.

അടുത്തിടെ തെലുങ്ക് താരം വരുൺ തേജിന്റെ വിവാഹനിശ്ചയം, രാം ചരണിന്റെയും ഉപാസനയുടെയും മകളുടെ തൊട്ടിൽ ചടങ്ങ് തുടങ്ങിയ പ്രധാന കുടുംബ പരിപാടികളിൽ അന്ന പങ്കെടുക്കാതിരുന്നപ്പോൾ ഇരുവരും തമ്മിൽ പിരിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പവൻ കല്യാൺ പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ അന്നയുടെ പൂർണ പിന്തുണ കൂടെയുണ്ടായിരുന്നു.

Advertisement
Advertisement