പോരാളി ഷാജിയെ വിട്ടേക്കാം, പാർട്ടിയുടെ സ്വന്തം സൈബർ വിംഗിന്റെ പ്രവർത്തനം എങ്ങിനെയെന്ന് അറിയുമോ?

Friday 14 June 2024 5:34 PM IST

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കവചമൊരുക്കിയ സൈബ‍ർ പോരാളികൾ ഒടുവിൽ പുരയ്ക്ക് മുകളിൽ വളർന്നതോടെ വേരറുക്കാൻ സി.പി.എം. വ്യക്തി പൂജയും അനവസരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും നിയന്ത്രണമില്ലാത്ത രീതിയിലുള്ള പോസ്റ്റുകളും വെല്ലുവിളികളുമാണ് പാർട്ടിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പാർട്ടി വിരുദ്ധ പോസ്റ്റുകൾക്ക് കൃത്യമായ മറുപടി നൽകുന്ന സൈബർ സംവിധാനം ഔദ്യോഗികമായി സി.പി.എമ്മിനുണ്ട്. എന്നാൽ പലപ്പോഴും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ മുതലായ അനൗദ്യോഗിക ഗ്രൂപ്പുകളാണ് പാർട്ടിയുടെ മുഖമെന്നാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. പാർട്ടിയുടെ വർഗ ബഹുജന സംഘടനകളെല്ലാം സ്വന്തമായി സൈബർ വിംഗിനെ രംഗത്തിറക്കിയിട്ടുണ്ട്. ഇവർക്ക് സാങ്കേതിക വിദഗ്ദ്ധരുടെ ക്ലാസ് നൽകിയാണ് സജ്ജരാക്കിയിരിക്കുന്നത്. പാർട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിൽ വരുന്ന പോസ്റ്റുകളും ട്രോളുകളും പ്രചരിപ്പിക്കാനുമാണ് ഇവർക്കുള്ള നിർദേശം. പാർട്ടിവിരുദ്ധ പോസ്റ്റുകൾക്ക്, ചുമതലപ്പെടുത്തുന്നവർ കൃത്യമായ മറുപടി കമന്റ് ബോക്‌സിൽ നൽകും. ഇത്തരം കമന്റുകൾക്ക് ലൈക്ക് നൽകി പ്രചരിപ്പിക്കുകയാണ് ഔദ്യോഗിക ഗ്രൂപ്പുകളുടെ ഉത്തരവാദിത്തം.

സൈബർ അറ്റാക്ക്

ഔദ്യോഗിക സൈബർ ഗ്രൂപ്പിനെക്കാൾ വേഗത്തിലാണ് പോരാളി ഷാജിയെ പോലുള്ളവർ പക്ഷേ സൈബറിടത്തിന്റെ പാർട്ടിയുടെ നാവാകുന്നത്. ശക്തമായ ഭാഷയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുമായാണ് ഇവർ എതിരാളികളെ ആക്രമിക്കുന്നത്. ഇതാണ് ഇവരിലേക്ക് അണികളെ ആകർഷിക്കുന്നത്. നേതാക്കന്മാർ പലപ്പോഴും സംയമനത്തിന്റെ ഭാഷ ഉപയോഗിക്കുമ്പോൾ അക്രമോത്സുകമായ ഭാഷ അവതരിപ്പിക്കുന്നതിനാലാണ് അണികളും അനുഭാവികളും ഇത്തരം സൈബർ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത്. ജയിക്കുമ്പോൾ സൈബർ പോരാളികൾ കൊള്ളാം.തോൽക്കുമ്പോൾ പഴി എന്ന നിലപാടാണ് പക്ഷേ ഇപ്പോൾ സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായ എം.വി ജയരാജൻ സൈബർ പോരാളികളെ തള്ളിപ്പറഞ്ഞതാണ് ചർച്ചയാകുന്നത്. ''സമൂഹമാദ്ധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതാണ്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സി.പി.ഐ എം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.'' എന്നാണ് ജയരാജന്റെ അഭിപ്രായം.

നേരത്തേ അഭിനന്ദനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വഴിയൊരുക്കിയതിൽ സി.പി.എം. കേന്ദ്രങ്ങളിൽ നിന്ന് സൈബർ പോരാളികൾക്ക് ലഭിച്ച അഭിനന്ദനം ചില്ലറയല്ല. ഇപ്പോൾ ഉയർന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ പേജുകൾ പാർട്ടിയെ വെല്ലുവിളിക്കുന്നതും അതിന്റെ പേരിലാണ്. പോരാളി ഷാജി പോലെയുള്ള സൈബർ സഖാക്കൾ ഇല്ലായിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഇവിടെ ഒരു തുടർഭരണം കിട്ടില്ലായിരുന്നെന്ന് വിവിധ സൈബർ പേജുകൾ അഭിപ്രായപ്പെടുന്നു. ഇന്നത്തെ ഇടതു നേതാക്കന്മാരെ പോലെയല്ല സൈബർ സഖാക്കൾ. അവർക്ക് ഇടതുപക്ഷം എന്നത് ഒരു വികാരമാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് സൈബർ വിംഗ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നുണ്ട്. കയ്യിലിരിക്കുന്ന കാശ് കൊടുത്തു നെറ്റ് ചാർജ് ചെയ്തു രാഷ്ട്രീയ എതിരാളികളുടെ നുണപ്രചരണങ്ങളെ വലിച്ചുകീറി സത്യം ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നു. ലക്ഷക്കണക്കിന് സഖാക്കൾ സോഷ്യല്‍ മീഡിയയിലൂടെ പോരാടിയന്റെ വിജയം കൂടിയാണ് ഈ തുടർ ഭരണം എന്നാണ് വിവിധ പേജുകൾ പറയുന്നത്. കേരളവും മറ്റൊരു പശ്ചിമ ബംഗാൾ ആകാൻ വലിയ താമസമൊന്നും ഉണ്ടായെന്ന് വരില്ല. തുടർഭരണവും വിജയവും തലക്ക് പിടിച്ച് അഹങ്കാരമായി എന്തും പറയാമെന്ന സ്ഥിതിയായാൽ ജനങ്ങൾ തിരിച്ചടിക്കും. അസഹിഷ്ണുത ഒഴിവാക്കി ആദ്യം സ്വന്തം തെറ്റ് അംഗീകരിച്ച് തിരുത്താൻ ശ്രമിക്കുന്നവർക്ക് പൊതുസ്വീകാര്യത ഉണ്ടാവും. എക്കാലവും ലഭിക്കാവുന്ന സീറ്റുകളായിരുന്ന വടകര, കൊല്ലം, കാസർഗോഡ് എന്നിവ എങ്ങനെ പോയി എന്ന് മാത്രം ചിന്തിച്ചാൽ മതി ഉത്തരം കിട്ടുമെന്നാണ് പാർട്ടി തള്ളിപ്പറഞ്ഞ സൈബർ പേജുകളിൽ ഉയരുന്ന മറുപടി. പാർട്ടിയിൽ നിന്ന് ശമ്പളമോ പ്രതിഫലമോ പറ്റി അല്ല ഇത്തരം സൈബർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ അവർക്ക് ബോദ്ധ്യമുള്ള ശരികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് എങ്ങനെ തടയാൻ കഴിയുമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.


മറുപടിയുമായി പോരാളി ഷാജി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം തങ്ങളാണെന്ന എം.വി.ജയരാജന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇടത് സൈബർ പേജായ പോരാളി ഷാജി രംഗത്തു വന്നു. അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോൽവിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും പോരാളി ഷാജി ഫെയ്‌സ്ബുക്കിൽ കുറിച്ചു. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന തലക്കെട്ടിൽ പോരാളി ഷാജി പേജിൽ ജയരാജന് അക്കമിട്ട് മറുപടി നൽകിയിരിക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് പണിയെടുത്ത് ജീവിക്കണമെന്നും കുറിപ്പിൽ പറയുന്നു.


വിമർശനം മുൻപും
പി. ജയരാജന്റെ പ്രവർത്തനങ്ങൾക്ക് കൈയടിച്ച് എന്നും പൂർണ പിന്തുണയുമായി അണിനിരന്ന സൈബർ സഖാക്കൾക്കെതിരേ നേരത്തേ പാർട്ടി നേതൃത്വത്തിന്റെ വിമർശനമുണ്ടായിരുന്നു. ആ വിമർശനത്തോടും കടുത്ത ഭാഷയിൽ തന്നെയാണ് അന്ന് സൈബർ പോരാളികൾ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കും ഇത്തരത്തിലുള്ള ജനപ്രീതി ലഭിച്ചിട്ടുണ്ട്. ഇരട്ടച്ചങ്കന്‍ എന്ന വിശേഷണം പോലും അതാണെന്നാണ് ജയരാജന്റെ ഫാൻസുകാരായ സൈബർ അണികൾ പറഞ്ഞത്. ഒടുവിൽ തന്നെ ബിംബമാക്കരുതെന്ന അഭ്യർത്ഥനയുമായി സൈബർ ഇടങ്ങളിലെ ' തന്റെ ഫാൻസ് സഖാക്കൾക്കു മുന്നിൽ പി. ജയരാജന് എത്തേണ്ടി വന്നു. ഇത്തരം ഗ്രൂപ്പുകൾ പാർട്ടി നിലപാടുകളിൽ നിന്നും വ്യത്യസ്തമായ പ്രചരണങ്ങൾ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല.അതിനാൽ പി.ജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണമെന്നാണ് ജയരാജൻ അഭ്യർത്ഥിച്ചത്.

Advertisement
Advertisement