മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത സംഘം അറസ്റ്റിൽ

Saturday 15 June 2024 1:58 AM IST

തിരുവനന്തപുരം: ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ശാഖയിൽ നിന്ന് മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റചെയ്തു. പാലക്കാട് മണ്ണാർക്കാട് കരിമ്പയിൽ കല്ലടിക്കോട് ഗവ.സ്കൂളിനു സമീപം താഴേതിൽ ഷിജു ടി.എസ് (44)​,​കൊല്ലം കൊട്ടാരക്കര ചൂണ്ട ചെറുകുളം ശാരദ മന്ദിരത്തിൽ ശ്യാംകുമാർ (35)​ എന്നിവരാണ് അറസ്റ്റിലായത്.

മാർച്ച് 3ന് മുക്കുപണ്ടത്തിന്റെ മൂന്ന് വളകൾ പണയംവച്ച് 1,​09,​000 രൂപയാണ് ഇവർ തട്ടിയെടുത്തത്. സംശയം തോന്നി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സാധാരണ പരിശോധനകളിൽ കണ്ടെത്താനാവാത്ത തരത്തിൽ സ്വർണത്തിൽ മുക്കിയെടുത്ത വളകളാണ് ഇവർ പണയംവച്ചതെന്ന് പൊലീസ് പറ‍ഞ്ഞു.സി.സി ടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഇതേ രീതിയിൽ ചാലക്കുടി,​തൃശ്ശൂർ എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ പറഞ്ഞു.എസ്.ഐ നിഥിൻ നളൻ,റെനോക്സ്,​സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഫസലുൾ റഹ്മാൻ,ഹൈദറുദ്ദീൻ,അജിത്കുമാർ,​സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവർ ചേർന്നാണ് പിടികൂടിയത്.

Advertisement
Advertisement