എ.ഐ ക്യാമറയ്ക്ക് ഒരു വയസ്: ജില്ലയിൽ 5 ലക്ഷം നിയമലംഘനങ്ങൾ

Saturday 15 June 2024 2:03 AM IST

കൊല്ലം: എ.ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി ഒരുവർഷം പിന്നിടുമ്പോൾ ജില്ലയിൽ 5,28,764 നിയമലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ ജൂൺ മുതൽ മേയ് വരെയുള്ള കണക്കാണിത്. 36.04 കോടി രൂപയാണ് പിഴയായി കണക്കാക്കിയിട്ടുള്ളത്.

ഹെൽമെറ്റില്ലാതെ ഇരുച്ചക്ര വാഹനം ഓടിക്കുക, പിന്നിലിരിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക എന്നീ നിയമലംഘങ്ങളാണ് കൂടുതൽ. നിയമലംഘനങ്ങൾ കേന്ദ്രീകൃത സെർവറിൽ പോയ ശേഷമാണ് ജില്ലയിലെ എ.ഐ കൺട്രോൾ റൂമിലേക്ക് വരുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് ചെല്ലാൻ അയയ്ക്കുന്നത്.

ആദ്യ ആറുമാസം ചെല്ലാനുകൾ മുടങ്ങാതെ അയച്ചിരുന്നു. കരാർ കമ്പനിയായ കെൽട്രോണിന് സർക്കാർ പണം നൽകാനുള്ളതിനാൽ ഇപ്പോൾ കാലതാമസം നേരിടുന്നുണ്ട്. ചെല്ലാൻ അയക്കുന്നതിന് തപാൽ വകുപ്പിന് കെൽട്രോൺ മുൻകുട്ടി തുക നൽകുന്നുണ്ട്. ചെല്ലാന് പകരം മെസേജുകളാണിപ്പോൾ കൂടുതലായി അയയ്ക്കുന്നത്.

കൊട്ടാരക്കരയിലാണ് ജില്ലയിലെ എ.ഐ കൺട്രോളിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കെൽട്രോൺ ജീവനക്കാരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പടെ പത്തുപേരാണ് കൺട്രോളിംഗ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ജില്ലയിൽ 50 ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

നിയമലംഘനം - 5,28,764

പിഴ ₹ 36,04,78,250

പിരിഞ്ഞുകിട്ടിയത് -₹ 5,94,21,500

ചെല്ലാൻ അയച്ചത് - 2,32,108പേർക്ക്

വി.ഐ.പികളിൽ മുന്നിൽ പൊലീസ് ജീപ്പ്

 നിയമലംഘനങ്ങളിൽ വി.ഐ.പി വാഹനങ്ങളും മുൻപന്തിയിൽ

 പൊലീസ് ജീപ്പുകളാണ് മുന്നിൽ

 കണക്ക് അധികൃതർ പുറത്ത് വിട്ടിട്ടില്ല

 സിറ്റിയെ അപേക്ഷിച്ച് റൂറലിൽ നിയമലംഘനങ്ങൾ കുറവ്

 ക്യാമറകൾ സ്ഥാപിച്ചശേഷം അപകടങ്ങൾ കുറഞ്ഞു

ക്യാമറ സ്ഥാപിക്കും മുമ്പ്

(വർഷം, അപകടങ്ങളുടെ എണ്ണം, മരണം)

2023 ജനുവരി - 397, 37

ഫെബ്രുവരി - 341, 39

മാർച്ച് - 374, 30

ഏപ്രിൽ - 353, 33

സ്ഥാപിച്ച ശേഷം

2024 ജനുവരി - 36028

ഫെബ്രുവരി - 32228

മാർച്ച് - 29237

2024 ഏപ്രിൽ - 31140

നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാൻ വൈകുന്നതിനാൽ എ.ഐ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ധാരണയിലാണ് പലരും നിയമലംഘനങ്ങൾ ആവർത്തിക്കുന്നത്.

മോട്ടോർ വാഹനവകുപ്പ് അധികൃതർ

Advertisement
Advertisement