പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവിന് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

Saturday 15 June 2024 1:07 AM IST

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 29 വയസുകാരന് 24 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ ഇരുട്ട്കുത്തി വീട്ടിലെ മനോജിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്‌സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകും. പ്രതി ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.
2022 സെപ്തംബർ ഏഴിനാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്സൺ വിംഗിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.
പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Advertisement
Advertisement