'ഷോക്കടിക്കും' ലോഹത്തോട്ടികൾ

Saturday 15 June 2024 3:49 AM IST

കിളിമാനൂർ: ചക്കയോ മാങ്ങയോ പറിക്കാൻ ലോഹത്തോട്ടിയുമായി ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് , വലിച്ചിടുന്നത് മരണത്തെയായിരിക്കും. അശ്രദ്ധമായി ലോഹത്തോട്ടി ഉപയോഗിക്കുമ്പോൾ ജീവഹാനി സംഭവിക്കുന്നത് തുടർക്കഥയാവുകയാണ്.

കഴിഞ്ഞ ദിവസം കരവാരം പഞ്ചായത്തിൽ ഞാറയ്ക്കാട്ട് വിളയിൽ കറണ്ട് കമ്പിയിൽ ഇരുമ്പ് തോട്ടി തട്ടി ഷോക്കേറ്റ് വൃദ്ധ മരിച്ചതാണ് ഒടുവിലത്തെ സംഭവം.നഗരൂർ നെടുമ്പറമ്പ് ഞാറയ്ക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്തയാണ് (60) മരിച്ചത്.അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ ഇരുമ്പ് തോട്ട തിരികെ കൊണ്ടു കൊടുക്കുന്നതിനിടയിൽ കറണ്ട് കമ്പിയിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു.ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ട സമീപവാസികൾ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുമ്പ് തോട്ടയുടെ അപകടത്തെക്കുറിച്ച് പലതവണ കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിട്ടും അപകടങ്ങൾക്ക് കുറവില്ല. സ്‌കൂൾതലം മുതൽ ലോഹത്തോട്ടി ഉപയോഗം സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർ ക്ലാസുകളുമെടുക്കുന്നുണ്ട്.

ശ്രദ്ധിച്ചാൽ കൊള്ളാം...

 വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി സഹായം തേടണം

ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക,മാങ്ങ,തേങ്ങ തുടങ്ങിയവ പറിച്ചെടുക്കാൻ ശ്രമിക്കരുത്

ഷോക്കേറ്റ വ്യക്തിയെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പർശിക്കാവൂ

ഷോക്കേറ്റയാളെ ഉണങ്ങിയ തടിക്കഷണം ഉപയോഗിച്ച് വേണം തട്ടിമാറ്റാൻ

കെട്ടിടനിർമ്മാണ ജോലികൾ ചെയ്യുമ്പോൾ ലൈനിൽ നിന്ന് അകലം പാലിക്കണം

ലോഹനിർമ്മിത പൈപ്പുകളുള്ള റോളർബ്രഷുകൾ ഉപയോഗിച്ച് പെയിന്റിംഗ് ജോലി ചെയ്യരുത്

നനഞ്ഞ വിരലുകൾ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്.

വൈദ്യുതിലൈനുകളുടെ മുകളിൽക്കൂടി വൃക്ഷങ്ങൾക്കുള്ള താങ്ങുകമ്പി വലിച്ചുകെട്ടരുത്

വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ കന്നുകാലികളെ കെട്ടരുത്

കമ്പി പൊട്ടിക്കിടപ്പുണ്ടോ, അറിയിക്കണേ..

 വൈദ്യുതികമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സമീപത്ത് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. വിവരം ഉടൻ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫീസിലോ, ഹെൽപ്പ് എന്ന നമ്പരിലോ അറിയിക്കണം.

Advertisement
Advertisement