കൂന്തൻകുളം തേടി ദേശാടനപ്പക്ഷികൾ

Saturday 15 June 2024 3:11 AM IST

നാഗർകോവിൽ: കൂന്തൻകുളം പക്ഷിസങ്കേതം തേടി ഇത്തവണ എത്തിയ ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധന. കന്യാകുമാരി ജില്ലയുടെ അതിർത്തി പങ്കിടുന്ന തിരുനെൽവേലി ജില്ലയിലെ പക്ഷി ഗവേഷണ കേന്ദ്രമാണ് കൂന്തൻകുളം. വർണകൊക്കുകളുടെ ഈറ്റിലമെന്ന് അറിയപ്പെടുന്ന ഇവിടേക്ക് പ്രജനനത്തിനായി വർഷംതോറും ആയിരക്കണക്കിന് വർണക്കൊക്കുകളാണ് എത്തുന്നത്.എന്നാൽ ഇത്തവണ കഴിഞ്ഞ വർഷത്തെക്കാളും ദേശാടനപ്പക്ഷികളുടെ വരവിൽ വർദ്ധനയുണ്ടെന്ന് അധികൃതർ പറയുന്നു.150കിലോമീറ്ററോളം വരുന്ന ജലാശയത്തിലെ കരയിലും മരച്ചില്ലകളിലുമായാണ് പക്ഷികൾ മുട്ടയിടുന്നത്. മുട്ട വിരിയാനെടുക്കുന്ന സമയം 13 ദിവസമാണ്. പക്ഷികൾ മുട്ടയിടുന്ന സമയം വിനോദസഞ്ചാരികളെ കുളത്തിനരികിൽ അനുവദിക്കില്ല.കഴിഞ്ഞ ഒക്ടോബറിലെത്തിയ വിദേശപ്പക്ഷികൾ ഫെബ്രുവരിയിൽ മടങ്ങി.

സന്തോഷത്തിൽ പ്രദേശവാസികൾ

പക്ഷികളെ മക്കളെപ്പോലെ പരിപാലിച്ച് സംരക്ഷിക്കുന്ന ജനങ്ങളാണ് കൂന്തൻകുളത്തിന്റെ പ്രത്യേകത.

പക്ഷികളെത്തി മുട്ടയിട്ടാൽ മാത്രമേ മഴയുണ്ടാകൂവെന്നാണ് ജനങ്ങളുടെ വിശ്വാസം.കഴിഞ്ഞ വർഷം പക്ഷികൾ ഉണ്ടായിരുന്നിട്ടും മുട്ടയിട്ടിരുന്നില്ല. എന്നാൽ ഇത്തവണ ദേശാടനപ്പക്ഷികൾ മുട്ടയിട്ട് 2,124 കുഞ്ഞുകളെ വിരിയിച്ചു എന്നാണ് അധികൃതരുടെ കണക്ക്. കുളം കഴിഞ്ഞ വർഷത്തെപ്പോലെ വരണ്ട് കന്നുകാലികൾ മേയുന്ന സ്ഥലമായിട്ടാണ് നിലവിൽ കാണപ്പെടുന്നത്. പക്ഷികൾ മുട്ടയിട്ടതുകൊണ്ട് വരും ദിവസങ്ങളിൽ മഴയുണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

കേരളത്തിൽ നിന്നുള്ള

സഞ്ചാരികൾ കുറവ്

വേനലവധിയിൽ കേരളത്തിൽ നിന്ന് ധാരാളം മലയാളികൾ കൂന്തൻകുളത്തിൽ എത്താറുണ്ട്, എന്നാൽ ഇത്തവണ കേരളത്തിൽ നിന്ന് 30 പേർ മാത്രമേ എത്തിയിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്‌.തമിഴ്നാട് വനം വകുപ്പിന്റെ കീഴിലാണ് പക്ഷി ഗവേഷണകേന്ദ്രം.

ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികൾ

പെയിന്റഡ് സ്റ്റോർക്ക്, വൈറ്റ് ബ്രെസ്റ്റഡ് കിംഗ്ഫിഷർ,ഗ്രേറ്റർ ഫ്ളമിംഗോ,ഗ്രേ പെലിക്കൺ,കോമൺ റെഡ്ഷാൻക്,ഗ്രേ ഹെറോൺ,ഗ്രേറ്റ് ഇഗററ്റ്,ഇന്ത്യൻ മൂർഹെൻ,യെല്ലോ വാൾട്ടഡ് ലാപ്‌വിംഗ്,ലിറ്റിൽ ഇഗററ്റ്,കോമൺ സാൻഡ് പൈപ്പർ,പർപ്പിൾ ഹെറോൺ,യുറേഷ്യൻ സ്‌പൂൺബിൽ,ബാർഹെഡഡ് ഗൂസ്,ഗ്രേ പ്ലോവർ തുടങ്ങി അമ്പതോളം വർഗത്തിൽപ്പെട്ട പക്ഷികളാണ് ഇവിടെയെത്തുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും പക്ഷികളെത്തും.

മഴ കുറവ്

കൂന്തൻകുളത്തിൽ ഇത്തവണയും മഴ കുറവാണ്.പ്രദേശത്ത് കുടിവെള്ളക്ഷാമമുള്ളതായി ജനങ്ങൾ പറയുന്നു.

Advertisement
Advertisement