ചിരി ഗ്‌ർർർ

Saturday 15 June 2024 12:36 AM IST

ചിരിയുടെയും പേടിയുടെയും ഗ്‌ർർർ. ഇടവേളയ്ക്കുശേഷം ചിരിപ്പിക്കാൻ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കൈകോർക്കുന്ന ഗ്‌ർർർ പൂർണമായും ചിരി നിറച്ച കുടുംബ ചിത്രമാണ്. എല്ലാം മറന്ന് ആദ്യാവസാനം വരെ ചിരിപ്പിക്കുന്നുണ്ട് ഗ്‌ർർർ. കാഴ്ചബംഗ്ളാവിലെ സിംഹക്കൂട്ടിൽ ചാടുന്ന യുവാവും, അയാളെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളുമെല്ലാം ചിരിക്കാൻ വക ഒരുക്കി സംവിധായകൻ ജയ്‌കെ സന്നിവേശിപ്പിക്കുന്നു. ഗൗരവമായ വിഷയം കോമഡി ട്രാക്കിലൂടെ കുടുംബ ബന്ധത്തെ കൂടി ഉൾപ്പെടുത്തി മനോഹരമായി ദൃശ്യവത്‌കരിക്കുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാത്രമല്ല സഹതാരങ്ങളെല്ലാം കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. 2024ൽ ചാക്കോച്ചൻ മുഴുനീള വേഷത്തിൽ എത്തുന്ന ആദ്യ ചിത്രമായ ഗ്‌ർർർ കുട്ടികൾക്കും മനോഹരമായ എന്റർടെയ്‌നറാണ്. മോജോ സിംഹം താൻ 'ഒന്നൊന്നര രാജാവ്" ആണെന്ന് പ്രേക്ഷകർ കാട്ടിത്തരുന്നു ഗ്‌ർർർ സിനിമയിൽ. ദർശൻ നിറഞ്ഞുനില്ക്കുകയാണ്. ഹോളിവുഡിലും ബോളിവുഡിലും അഭിനയിച്ച താരത്തെ ജയ്‌ കെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ചാക്കോച്ചനും സുരാജിനും ഒപ്പം ദർശനെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. എസ്ര എന്ന വിജയ ഹൊറർ ചിത്രത്തിൽ നിന്ന് ഗ്‌ർർർ എന്ന കോമഡി സിനിമയിൽ ജയ്‌കെ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ദുരുതീ പ്രണയം, കിനാവാനം എന്നീ പാട്ടുകൾ പിടിച്ചിരുത്തുന്നു. ബെന്നി ദയാലിന്റെ ആലാപനത്തിലാണ് കിനാവാനം. മനു മഞ്ജിത്തിന്റെ രചനയിൽ ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. കൈലാസ് മേനോൻ, ടോൺ ടാർസ് എന്നിവരും സംഗീതം ഒരുക്കുന്നുണ്ട്. അനഘയാണ് ചാക്കോച്ചന്റെ നായിക. ചാക്കോച്ചനും അനഘയും ചേരുന്ന രംഗങ്ങളെല്ലാം ഏറെ ഹൃദ്യം പകർന്നു. ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, മഞ്ജുപിള്ള, രമേഷ് പിഷാരടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ. കെട്ടുറപ്പുണ്ട് തിരക്കഥയ്ക്ക്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഗ്‌ർർർ എന്ന ചിത്രത്തിന് കഴിയുന്നുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും തമിഴ് നടൻ ആര്യയും ചേർന്നാണ് നിർമ്മാണം. ധൈര്യമായി ഗ്‌ർർർ എന്ന ചിത്രത്തിന് ടിക്കറ്റ് എടുക്കാം.

Advertisement
Advertisement