ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Friday 14 June 2024 8:49 PM IST

ന്യൂഡൽഹി : ജി7 ഉച്ചകോടിയുടെ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആലിംഗനം ചെയ്ത നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു,​ ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. നരേന്ദ്രമോദിക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും മാർപ്പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപ്പാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല,​ ഇന്ന് നടക്കുന്ന നിർമ്മിത ബുദ്ധിയുടെ ധാർമ്മികതയെ കുറിച്ചുള്ള സെഷനിലാണ് മാർപ്പാപ്പ പങ്കെടുക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മാർപാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിൽ ജൂൺ 13 മുതൽ 15 വരെയാണ് അമ്പതാമത് ജി7 ച്ചകോടി നടക്കുന്നത്. കാനഡ,​ ഫ്രാൻസ്,​ ജർമ്മനി,​ ഇറ്റലി,​ ജപ്പാൻ,​ യു.കെ,​ യു.എസ്,​ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Advertisement
Advertisement