കോടതികളിൽ ഉറങ്ങുന്നു,​ അഞ്ചു കോടി കേസുകൾ!

Saturday 15 June 2024 12:02 AM IST

സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ കോടതികളിലെല്ലാം കൂടി നീതി കാത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം എത്രയെന്ന് അറിയാമോ?​ അഞ്ചു കോടിയിലധികം! സുപ്രീം കോടതിയിൽ മാത്രം കെട്ടിക്കിടക്കുന്ന കേസുകൾ,​ ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് എൺപതിനായിരത്തിലധികമാണ്! മുഴുവൻ കോടതികളിലെയും കുടിശ്ശിക കേസുകൾ തീർപ്പാക്കാൻ മുന്നൂറ് വർഷമെങ്കിലും വേണ്ടിവരുമത്രേ! കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക് വെറും ഊഹമല്ല, ലോക്‌സഭയിൽ, രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി വകുപ്പുമന്ത്രി തന്നെ നല്കിയതാണ് ഉത്തരം.

ഇപ്പോൾ സുപ്രീം കോടതി രണ്ടു മാസത്തെ വേനലവധിയിലാണ്. മേയ് അവസാനം ആരംഭിക്കുകയും ജൂലൈയിൽ അവസാനിച്ച് വീണ്ടും തുറക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ. ഇതിനു പുറമേ ദസറയ്ക്കും ദീപാവലിക്കും ഒരാഴ്ചത്തെ ഇടവേളയും ഡിസംബർ അവസാനം രണ്ടാഴ്ചയുമാണ് കോടതി അവധിയായി എടുക്കുന്നത്. അതേസമയം, സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ സുപ്രീം കോടതി സാധാരണയിലും കവിഞ്ഞ വേഗത്തിൽ കാര്യങ്ങൾ നീക്കിയ വർഷമാണ് കഴിഞ്ഞുപോയതെന്നു പറയാം. നാഷണൽ ജുഡിഷ്യൽ ഡാറ്റാ ഗ്രിഡിൽ (എൻ.ജെ.ഡി.ജി) നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് പോയ വർഷം 52,220 കേസുകൾ തീർപ്പാക്കിയെന്നാണ്. അതായത്,​ അതിനു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവ്.

നീതിയുടെ

അവകാശം


ജീവൻ രക്ഷിക്കുന്നതു പോലെയോ രാജ്യത്തെ സംരക്ഷിക്കുന്നതു പോലെയോ അടിയന്തര പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഏതൊരു രാജ്യത്തെയും നീതിനിർവഹണ സംവിധാനം. അത് താമസമില്ലാതെ ലഭിക്കേണ്ടത് ജനാധിപത്യത്തിൽ ഓരോ പൗരന്റെയും അവകാശമാണ്. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണ് എന്നാണ് ചൊല്ല്. ചൊല്ലു മാത്രമല്ല,​ അതൊരു യാഥാർത്ഥ്യവുമാണ്.

സിവിൽ, ക്രിമിനൽ എന്നിങ്ങനെയാണ് കേസുകൾ തരംതിരിച്ചിരിട്ടുള്ളത്. നാഷണൽ ജുഡിഷ്യൽ ഡാറ്റാ ഗ്രിഡ് നൽകുന്ന രേഖകൾ പ്രകാരം സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾ 64,277- ഉം ക്രിമിനൽ കേസുകൾ 17,338-ഉം ആണ്. ആകെ 81,615 കേസുകൾ! 2024-ൽ, ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 1,69,000-ലധികം കേസുകൾ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള,​ ഒരു തലത്തിലും തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം അഞ്ചു കോടിയിലധികം വരും.

കേട്ടുതീരാത്ത

വാദങ്ങൾ!

കേസുകളിൽ കുടങ്ങിക്കിടക്കുന്ന മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും വ്യവഹാരങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് ഇഴപിരിച്ചെടുത്ത് രക്ഷിക്കുക എന്നത് ഭഗീരഥപ്രയത്നം തന്നെയാണ്. കേസുകളുടെ ബാഹുല്യം തന്നെയാണ് പ്രധാന വില്ലൻ. അവ സസൂക്ഷ്മം പരിശോധിച്ചു പഠിച്ച് ഇടപാടുകാർക്ക് നീതി നൽകേണ്ട ചുമതല കോടതികൾക്കുണ്ട്. ആ കൃത്യനിർവഹണത്തിൽ ഗുമസ്തൻ മുതൽ ജഡ്‌ജി വരെയുള്ളവരുടെ പങ്ക് അനിഷേദ്ധ്യവുമാണ്. വാദം കേൾക്കുന്ന തീയതി മുതൽ തീരുമാനം പുറപ്പെടുവിക്കുന്ന തീയതി വരെ,​ ഒരു മാസം മുതൽ ഒമ്പതു മാസം വരെയുള്ള കാലയാളവാണ് ഒരു കേസിന്റെ തീർപ്പിന് സാധാരണഗതിയിൽ സുപ്രീം കോടതി എടുക്കുന്നത്. പാർലമെന്റിന്റെ അധികാരങ്ങൾ സംബന്ധിച്ച് 13 ജഡ്ജിമാരുടെ ബെഞ്ച് വിധി പ്രസ്താവിച്ച 1972-ലെ കേശവാനന്ദ ഭാരതി കേസിലാണ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ വാദം നടന്നത്- 68 ദിവസം.

ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്ന ഹൈക്കോടതികളുടെ നിരയിൽ ഒന്നാമത് അലഹബാദ് ഹൈക്കോടതിയാണ്. തൊട്ടു പിന്നാലെ ബോംബെ ഹൈക്കോടതി. നടപടിക്രമങ്ങളുടെ കാലതാമസം, ബുദ്ധിമുട്ടുള്ള നിയമ നടപടികൾ, ഇടയ്‌ക്കിടെയുള്ള നീട്ടിവയ്ക്കൽ, തെളിവ് സമർപ്പിക്കുന്നതിലെ കാലതാമസം എന്നിവയെല്ലാം പലപ്പോഴും നിയമനടപടികളെ വല്ലാതെ ദീർഘിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സുപ്രീം കോടതി ഒരു സമർപ്പിത ശ്രമം നടത്തിയിരുന്നു. ഇതിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതുപോലെ, 'സാങ്കേതികവിദ്യ ഒരു ഉറച്ച സഖ്യകക്ഷിയാണ്."

സുപ്രീം കോടതിക്ക്

വേഗം കൂടുന്നു


ഇലക്‌ട്രോണിക് ഫയലിംഗ്, ന്യൂനതകളുടെ അറിയിപ്പ്, ന്യൂനത പരിഹരിക്കൽ, സൂക്ഷ്മപരിശോധനയ്‌ക്കായി ഡോക്യുമെന്റുകൾ പ്രോസസ് ചെയ്യൽ എന്നിവ എളുപ്പമാക്കാൻ ഉദ്ദേശിച്ചുള്ള ഇ- ഫയലിംഗ് മൊഡ്യൂൾ- 2.0 (ഇ.എഫ്.എം) ഉപയോഗിച്ച് കോടതി അതിന്റെ ഇ- ഫയലിംഗ് സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്‌തു. കോടതിയിലേക്കുള്ള പ്രവേശനം ലളിതമാക്കാനുള്ള ശ്രമത്തിൽ, ‘സുസ്വാഗതം പോർട്ടൽ’ അവതരിപ്പിച്ചു. കടലാസു രഹിത എൻട്രി പാസുകൾ സുഗമമാക്കി.... അങ്ങനെ സുപ്രീം കോടതിയിലെ നീണ്ട “മോർണിംഗ് ക്യൂ” ഇല്ലാതാക്കി.
പൗരന്മാരെ കേസുകൾ ഫയൽ ചെയ്യാനും വീഡിയോ കോൺഫറൻസിംഗ് ടൂളുകൾ ഉപയോഗിക്കാനും സഹായിക്കുന്നതിന് ഇ- സേവാ കേന്ദ്രവും കോടതി ആരംഭിച്ചു.


അടിയന്തര കേസുകളിൽ വേഗത്തിൽ നീതി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ കോടതി പ്രത്യേക ബെഞ്ചുകൾ രൂപീകരിച്ചു. 2023-ൽ ഏകദേശം 166 സിറ്റിംഗുകൾ നടന്നതായി കോടതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസ്പോസൽ നിരക്കിൽ ഇതിന്റെ ഫലം വ്യക്തമാണ്. വ്യവസ്ഥാപിത മാറ്റങ്ങൾ കൊണ്ടുവരുന്നതിലും ഭരണഘടനാ ബെഞ്ച് കേസുകൾ കേൾക്കുന്നതിലും പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കുന്നതിലും മറ്റു പരിഷ്കാരങ്ങളിലും കോടതിയുടെ ശ്രമങ്ങൾ ഫലം കണ്ടതായിത്തന്നെ മനസിലാക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ പറഞ്ഞതുപോലെ,​അദ്ദേഹത്തിന്റെ 'സാങ്കേതിക പ്രേമം" കോടതിയെ അതിന്റെ ഭാരം കൈകാര്യം ചെയ്യുന്നതിനും അതിന്റെ വഴികൾ നവീകരിക്കുന്നതിനും സാങ്കേതികവിദ്യയ്ക്ക് വളരെയധികം സഹായങ്ങൾ നല്കുവാൻ കഴിയുന്നൊരു ഭാവിയിലേക്ക് കോടതിയെ നയിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും,​ പൊതുവെ ജുഡിഷ്യറിയും അഭിഭാഷകരും പൊതുജനങ്ങളും ഈ പരിഷ്കാരങ്ങളെ എത്ര ആവേശത്തോടെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം.

കോടതിയിലും

എ.ഐ

പരീക്ഷണാടിസ്ഥാനത്തിൽ,​ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ)സഹായത്തോടെ ഭരണഘടനാ ബെഞ്ച് നടപടികളുടെ തത്സമയ ട്രാൻസ്‌ക്രിപ്‌ഷനുകൾ പ്രസിദ്ധീകരിക്കുമെന്ന് 2023 ഫെബ്രുവരിയിൽ ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ,​ ലൈവ് ട്രാൻസ്ക്രിപ്ഷൻ പ്രോജക്റ്റ് ആരംഭിച്ചതിനു ശേഷം ഭരണഘടനാ ബെഞ്ചിന്റെ ഹിയറിംഗുകളുടെ 36 ശതമാനം മാത്രമേ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ ഉദ്യമത്തെ പിന്തുണച്ച് ജസ്റ്റിസ് പി.എസ്. നരസിംഹ പറഞ്ഞത്, 'ഇത് കോടതിയെ ഒരു കോർട്ട് ഒഫ് റെക്കോർഡ് ആക്കി മാറ്റുമെന്നും, അവിടെ എല്ലാ വാക്കും വാദങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തുകയും എല്ലാ കാലത്തും ആക്‌സസ് ചെയ്യാൻ സാധിക്കുകയും ചെയ്യു"മെന്നുമായിരുന്നു.

ഓരോ ഹിയറിംഗിനു ശേഷവും, എ.ഐ സൃഷ്ടിച്ച ട്രാൻസ്ക്രിപ്റ്റിന്റെ പകർപ്പുകൾ ബന്ധപ്പെട്ട അഭിഭാഷകർക്ക് ലഭ്യമാക്കും. അവർ പ്രൂഫ് പരിശോധിച്ച ശേഷം, ട്രാൻസ്ക്രിപ്റ്റുകൾ സുപ്രീം കോടതിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കും. ഈ നിർദ്ദേശം വാഗ്ദാനമാണ്, പക്ഷേ ഇത് പ്രായോഗികമാണോ? യഥാർത്ഥത്തിൽ ഇതുവരെ എത്ര ട്രാൻസ്ക്രിപ്റ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്? ഇവയെല്ലാം മറുപടി പ്രതീക്ഷിക്കുന്ന ചോദ്യങ്ങളാണ്.

വിസ്മയിപ്പിക്കുന്ന

നീതിപീഠം

140 കോടിയിൽപ്പരം ജനതയെ ഉൾക്കൊള്ളുന്ന നമ്മുടെ മഹാരാജ്യം അദ്ഭുതങ്ങളുടെ ഒരു കലവറയാണ്. നീതിനിർവഹണ സംവിധാനത്തിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്നതും മറന്നുകൂടാ. ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി രണ്ടു ദിവസംകൂടി പിന്നിട്ടതിനു ശേഷമാണ്, 1950 ജനുവരി 28 ന് സുപ്രീം കോടതി ഉദ്ഘാടനം ചെയ്യുന്നത്. 1937 മുതൽ 1950 വരെ പന്ത്രണ്ടു വർഷം ഇന്ത്യയുടെ ഫെഡറൽ കോടതി പ്രവർത്തിച്ച പഴയ പാർലമെന്റ് മന്ദിരത്തിലെ ചേംബർ ഒഫ് പ്രിൻസസിൽ വച്ചായിരുന്നു അത്.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഉയർന്നതാണ്. സുപ്രീം കോടതിയിൽ നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 31 ജഡ്‌ജിമാരുണ്ട്. പരമാവധി സാദ്ധ്യമായ അംഗസംഖ്യ 34 ആണ്. നമ്മുടെ ഭരണഘടന അനുസരിച്ച് സുപ്രീം കോടതി ജഡ്‌ജിമാർ 65-ാം വയസിലാണ് വിരമിക്കേണ്ടത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (ധനഞ്ജയ വൈ. ചന്ദ്രചൂഡ്),​ രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസ് ആണ്. 2022 നവംബർ 9- നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

Advertisement
Advertisement