ഫാം ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ തേടുന്ന നെല്ലിയാമ്പതി

Saturday 15 June 2024 9:04 PM IST

മഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകളും കാട്ടരുവികളും തേയിലയും ഓറഞ്ചും വിളയുന്ന തോട്ടങ്ങളും. കേരളത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ആരെയും മോഹിപ്പിക്കും. കാഴ്ചകളാൽ സമ്പന്നമായ നെല്ലിയാമ്പതിയിലേക്ക് ദുർഘടമായ പാതകളിലൂടെയുള്ള യാത്ര സാഹസികർക്കും ഏറെ പ്രിയങ്കരമാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഫാം ടൂറിസത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ നെല്ലിയാമ്പതി. കാർഷിക ജീവിതം നേരിട്ട് അനുഭവിക്കാനും കാർഷികവൃത്തിയിൽ പങ്കെടുക്കാനും നെല്ലിയാമ്പതിയുടെ ശാന്തമായ സൗന്ദര്യം ആസ്വദിക്കാനും ഫാം ടൂറിസം പദ്ധതി വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

ഈ സംരംഭം ഫാമിന് അധിക വരുമാന മാർഗം പ്രദാനം ചെയ്യുക മാത്രമല്ല, സുസ്ഥിര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യും. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് വില. സമീപത്ത് നിന്നും അന്യദേശത്തു നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. മദ്ധ്യവേനൽ അവധി കഴിഞ്ഞെങ്കിലും മഴയും പച്ചപ്പും തണുപ്പും ആസ്വദിക്കാൻ നെല്ലിയാമ്പതിയിലെത്തുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവില്ല. കാലവർഷം ആരംഭിച്ച ഈ സാഹചര്യത്തിൽ നെല്ലിയാമ്പതി ഗവൺമെന്റ് ഫാം സന്ദർശിക്കുന്നവർക്ക് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമുണ്ട്. ഗൈഡഡ് ടൂറുകൾ അവരെ ഓറഞ്ച് തോട്ടങ്ങളിലൂടെയും പച്ചക്കറി തോട്ടങ്ങളിലേക്കും കൊണ്ടുപോകും. അവിടെ അവർക്ക് ജൈവകൃഷിയുടെ സങ്കീർണതകളെക്കുറിച്ച് പഠിക്കാനാകും. അതിഥികൾക്ക് വിളവെടുപ്പ്, നടീൽ, പരമ്പരാഗത കമ്പോസ്റ്റിംഗ് രീതികളിലും പങ്കെടുക്കാം. ഈ പ്രോജക്ട് വളരുന്നതിനനുസരിച്ച്, സുസ്ഥിരമായ കൃഷിരീതികളെക്കുറിച്ച് കൂടുതൽ ധാരണയും വിലമതിപ്പും പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ പ്രാദേശിക സമൂഹത്തിന് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ഇത് വാഗ്ദാനം ചെയ്യുന്നു.

 കൃഷിരീതികൾ അടുത്തറിയാം

കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ശിൽപശാലകളും വിദ്യാഭ്യാസ സെഷനുകളും ഫാം അധികൃതർ വാഗ്ദാനം ചെയ്യുന്നു. ജൈവ കൃഷിരീതികൾ, പ്രകൃതിദത്ത കീട നിയന്ത്രണം, സുസ്ഥിര ജല പരിപാലന രീതികൾ എന്നിവ ഇതിൽ ഉൾപ്പെടും. സുസ്ഥിര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കുന്നതിനും അവരുടെ സ്വന്തം ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ നടപ്പാക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനുമാണ് ഇത്തരം സംവിധാനം രൂപീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും കാർഷിക പ്രേമികൾക്കും ഉൾപ്പെടെയുള്ള സന്ദർശകർക്ക് ജൈവകൃഷി, കമ്പോസ്റ്റിംഗ്, പ്രകൃതിദത്ത കീടനിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ച് പഠിക്കാൻ അവസരമുണ്ട്.

 ഫാം ഒരു കൂട്ടായ ശ്രമം

നെല്ലിയാമ്പതിയിലെ ഫാം ഒരു കാർഷിക സംരംഭം മാത്രമല്ല; അതൊരു സമൂഹശ്രമമാണ്. പ്രാദേശിക കർഷകരും തൊഴിലാളികളും അതിന്റെ പ്രവർത്തനങ്ങളിൽ അവിഭാജ്യരാണ്, ഫാമിന്റെ വിജയത്തിന് അവരുടെ അറിവും അദ്ധ്വാനവും സംഭാവന ചെയ്യുന്നു. ഈ സഹകരണം നിവാസികൾക്കിടയിൽ ശക്തമായ സമൂഹബോധവും പരസ്പര പിന്തുണയും വളർത്തിയെടുക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്കു പുറമെ കാപ്പി, കൊക്കോ, പൂക്കൾ തുടങ്ങിയവയൊക്കെ ഈ ഫാമിലെ മറ്റു വസ്തുക്കളാണ്. ആവശ്യക്കാർക്ക് ചെറിയ വിലകളിൽ ഇവ വിൽക്കുന്നതിനും ഇവിടെ സൗകര്യങ്ങളുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ട്രീ ഹട്ട്, ഇരിപ്പിടങ്ങൾ മുതലായവ നിർമിച്ചട്ടുണ്ട്. സുസ്ഥിരമായ കൃഷിരീതികൾ സമൂഹത്തിനും പരിസ്ഥിതിക്കും പ്രയോജനം ചെയ്യുന്നതോടൊപ്പം ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ എങ്ങനെ ലഭിക്കും എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് നെല്ലിയാമ്പതിയിലെ ഓറഞ്ച്, പച്ചക്കറി കൃഷി. കൂടുതൽ ഉപഭോക്താക്കളും കർഷകരും സുസ്ഥിരതയിലേക്ക് തിരിയുമ്പോൾ, ഈ പാതയുടെ നേട്ടങ്ങളുടെയും സാദ്ധ്യതകളുടെയും തെളിവായി നെല്ലിയാമ്പതിയുടെ ഫാം നിലകൊള്ളുന്നു.

 ഇനിക്കാത്തിരിപ്പ് ഇക്കോ ടൂറിസം പദ്ധതിക്ക്

നെല്ലിയാമ്പതിയിൽ ഇക്കോടൂറിസം പദ്ധതി അതിവേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലിയാമ്പതിയിലെ പത്ത് പ്രധാന ടൂറിസം പോയിന്റുകളെ ബന്ധിപ്പിച്ച് ഇക്കോടൂറിസം നടപ്പാക്കാനായിരുന്നു സർക്കാറിന്റെ പദ്ധതി. 1985ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി അഭിപ്രായ രൂപവത്കരണവും മറ്റും നടന്നിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു.

എന്നാൽ, ഇതുസംബന്ധിച്ച നടപടി ചുവപ്പുനാടയിൽ കുരുങ്ങി. പിന്നീട് 2008ൽ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്തയോഗവും ഇതിനായി വിളിച്ചു ചേർത്തിരുന്നു. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനെയും ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കൃഷി വകുപ്പിൽനിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് നെല്ലിയാമ്പതി സന്ദർശിക്കാനത്തെുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലെ വിവിധ പോയിന്റുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ അവിടെ ചുറ്റിയടിക്കാനും സർക്കാർ പദ്ധതി ഗുണകരമാവുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

മാൻപാറ, കേശവൻപാറ, കാരാശൂരി തുടങ്ങിയ വനമേഖലയിലെ പ്രകൃതി ഭംഗിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുൽകുടിലുകൾ കെട്ടി സന്ദർശകർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും ഇക്കോടൂറിസം പ്രോജക്ടിൽ തീരുമാനിച്ചിരുന്നു. വന്യമൃഗങ്ങൾക്ക് ഭീഷണിയാകാതെ വേണം നെല്ലിയാമ്പതിയിൽ ടൂറിസം വികസനം എന്നും പ്രോജക്ടിൽ നിഷ്‌കർഷിക്കുന്നുണ്ട്.
ഇക്കോടൂറിസം സംബന്ധിച്ച നിർദ്ദേശങ്ങൾ തുടങ്ങിയേടത്തു തന്നെയാണ് ഇന്നും. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ മാറിവന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നെല്ലിയാമ്പതിയിലത്തെുന്ന നൂറുകണക്കിന് സന്ദർശകർ പലപ്പോഴും മുഴുവൻ ടൂറിസ്റ്റ് പോയിന്റുകളും കാണാതെ തിരിച്ചപോകുകയാണ് പതിവ്.

 കാനനക്കാഴ്ച ആസ്വദിക്കാം വാച്ച് ടവറിലൂടെ

വനമേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാൻ കേശവൻപാറയോട് ചേർന്നുള്ള ചക്ലിയൻപാറയിലെ വാച്ച് ടവർ നവീകരിച്ചത് വിനോദ സഞ്ചാരികൾക്കും ആശ്വാസമാണ്. നെല്ലിയാമ്പതി ഇക്കോ ടൂറിസം പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടവർ നവീകരിച്ചത്. വന്യമൃഗ വേട്ടയും അനധികൃത മരംമുറിയും മാവോയിസ്റ്റ് സാന്നിദ്ധ്യവും നിരീക്ഷിക്കാൻ എട്ടുവർഷം മുമ്പ് സ്ഥാപിച്ച ഇരുമ്പ് ടവർ തുരുമ്പെടുത്ത് നശിച്ചിരുന്നു. വനപാലകർക്ക് താമസിക്കാൻ പറ്റിയ വിധത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് 200 ചതുരശ്ര അടി വിസ്തീർണമുള്ള ടവർ സ്ഥാപിച്ചിരുന്നത്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാന ശല്യം ഒഴിവാക്കാൻ ടവറിന് മുകളിലെത്താൻ ഇരുമ്പ് കോണിയാണ് ഉപയോഗിച്ചുവന്നത്. നവീകരണം പൂർത്തിയായതോടെ ടവറിന്റെ മുകളിലിരുന്ന വ്യൂ പോയിന്റ് കൂടുതൽ ആകർഷണീയമായി കാണാനാകുന്നുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. ഫാമിലുൾപ്പെടെ സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതും പൂർത്തിയായാൽ നെല്ലിയാമ്പതിയുടെ മട്ടുംഭാവവും മാറുമെന്ന് ഉറപ്പ്.

Advertisement
Advertisement