കുട്ടികളുമായി ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന വീഡിയോ,​ യുട്യൂബർ അറസ്റ്റിൽ

Friday 14 June 2024 9:48 PM IST

ഗാസിയാബാദ് : കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ യുട്യൂബർ ശിഖ മെട്രായ് അറസ്റ്റിൽ. കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമൂഹ്യപ്രവർത്തക ദീപിക നാരായണ ഭരദ്വാജ് നൽകിയ പരാതിയിലാണ് ഗാസിയാബാദ് പൊലീസ് യുട്യൂബറെ അറസ്റ്റ് ചെയ്തത്.

കുവാരി ബീഗം എന്നും അറിയപ്പെടുന്ന ശിഖ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് കേസിന് കാരണമായത്. പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു,​ അശ്ലീല ചിത്രങ്ങൾ പങ്കുവച്ചു എന്നീ കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.

ഗാസിയാബാദ് സ്വദേശിയായ ശിഖ യുട്യൂബ് ചാനലിലൂടെ 115 വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വീഡിയോകൾ ആളുകളെ വഴിതെറ്റിക്കുന്നതാണെന്ന് ദീപിക നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സമ്മതമില്ലാതെ അവരുമായി ലൈംഗികബന്ധത്തിൽ ഏ‍ർപ്പെടാമെന്ന സന്ദേശമാണ് ശിഖയുടെ ഈ വീഡിയോ നൽകുന്നതെന്നും പരാതിയിലുണ്ട്. യുട്യൂബറുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രകോപനപരമായ വീഡിയോകൾ ഇവരുടെ യുട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിന്റെ സഹായത്തോടെ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ‍ർ ഫാഷൻ ടെക്‌നോളജിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശിഖ നിലവിൽ ഡൽഹിയിൽ തന്നെയുള്ള വസ്ത്ര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.