സങ്കടം തളംകെട്ടി സ്വപ്ന ഭവനം.... വെള്ള പുതച്ച് സ്റ്റെഫിൻ, നെഞ്ചുനീറി ആനയിക്കും

Saturday 15 June 2024 12:49 AM IST

പാമ്പാടി : ജൂലായ് അവസാനമാണ് സ്റ്റെഫിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കൾ തകൃതിയിലായിരുന്നു. അടുത്തമാസം നാട്ടിലെത്താമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരുമാസം മുൻപേയെത്തി...എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുമായി ഒരു പേടകത്തിൽ. തണുത്ത് മരവിച്ച ചേതനയറ്റ ശരീരം 17 ന് ഈ വീട്ടിലേക്കെത്തിക്കും. അതിന് മുൻപ് അവിടെ ഒരു പന്തൽ ഉയരുകയാണ്. അത്രമേൽ പ്രിയപ്പെട്ടവനായി ഉറ്റവരൊരുക്കുന്ന കണ്ണീർപ്പന്തൽ. അവസാനമായി ഒരുനോക്കുകാണാൻ എല്ലാവരും കാത്തിരിപ്പുണ്ടാകും. കണ്ണീർത്തുള്ളികളാൽ ആ വീടും പരിസരവും നിറയും. കുവൈറ്റിലെ തീപിടിത്തതിൽ മകൻ മരിച്ചതറിഞ്ഞത് മുതൽ മാതാപിതാക്കളായ സാബുവും, ഷേർളിയും സഹോദരങ്ങളും ബന്ധുക്കളും മാത്രമല്ല ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടുകയാണ്. വീടിന്റ അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇനി നടക്കാനുള്ളത്. കുവൈറ്റിലുള്ള സഹോദരനൊപ്പം ജൂലായിൽ നാട്ടിലേക്ക് ടിക്കറ്റും സ്റ്റെഫിൻ ബുക്ക് ചെയ്തിരുന്നു. ഇസ്രായേലിൽ പഠിക്കുന്ന മറ്റൊരു സഹോദരനും ഈ സമയം വരാനുള്ള ഒരുക്കത്തിലായിരുന്നു. ഓണത്തോടെ സ്‌റ്റെഫിന്റെ വിവാഹവും നടത്താൻ തീരുമാനിച്ചിരുന്നു. സന്തോഷനാളുകളുടെ കാത്തിരിപ്പിനിടയിലേക്കായിരുന്നു വിധിയുടെ അപ്രതീക്ഷിത രംഗപ്രവേശം.

വർഷങ്ങളായി പാമ്പാടി ടൗണിന് സമീപം വാടകയ്ക്കാണ് കുടുംബം താമസിച്ചിരുന്നത്. പിതാവ് സാബു അർബുദബാധിതനാണ്. എൻജിനിയറായ സ്റ്റെഫിൻ കുവൈറ്റിൽ ജോലി നോക്കുന്ന കമ്പനിയിലേക്ക് അനുജൻ ഫെബിനെയും കൊണ്ടുപോയിരുന്നു. ഫെബിന്റെ താമസം മറ്റൊരു ഫ്ലാറ്റിലായിരുന്നു. ഇളയ സഹോദരൻ കെവിൻ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ഫെബിൻ ഇന്നെത്തും. പാമ്പാടി ഐ.പി.സി സഭയിലെ കീബോർഡിസ്റ്റായിരുന്നു സ്‌റ്റെഫിൻ കുവൈറ്റിലെ സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

Advertisement
Advertisement