കണ്ണീരണിഞ്ഞ് കുണ്ടടുക്കം ഗ്രാമം രഞ്ജിത്തിന് വിടയേകി

Friday 14 June 2024 10:18 PM IST

കാസർകോട് : അലമുറയിട്ടു കരയുന്ന അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കഴിയാതെ ചെങ്കള കുണ്ടടുക്കം ഗ്രാമം കണ്ണീരണിഞ്ഞു. കുവൈത്തിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരണമടഞ്ഞ കെ.രഞ്ജിത്തിന്റെ മൃതദേഹം കാലിക്കടവ് ജില്ലാ അതിർത്തിയിൽ വച്ച് രാത്രി എഴിന് ജില്ലാ കളക്ടറും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്ന് ഏറ്റുവാങ്ങി വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ചെർക്കളയിലെ വീട്ടിലെത്തിച്ചത്.

രാത്രി എട്ടര മണിയോട്ടെ മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും നാടിന്റെ നാനാ ഭാഗത്തു നിന്നുമായി ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കുന്നതിന് എത്തിയത്. വീട്ടുവളപ്പിലെ അസൗകര്യത്തെ തുടർന്ന് സമീപത്തെ വീട്ടിലാണ് മൃതദേഹം പൊതു ദർശനത്തിന് വച്ചത്. വീടിന്റെ അത്താണിയെ നഷ്ടപ്പെട്ടതിൽ വിതുമ്പുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് ബുധനാഴ്ച രാത്രി മുതൽ തന്നെ ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വീട്ടിലേക്ക് എത്തികൊണ്ടിരുന്നു. കുണ്ടടുക്കത്തെ സമുദായ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

പിതാവ് രവീന്ദ്രന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനത്താലായിരുന്നു കുടുംബം പുലർന്നിരുന്നത്. പിതാവിന്റെ ജീവിതഭാരം ലഘൂകരിക്കുന്നതിനാണ് നാടിന്റെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യമായിരുന്ന യുവാവ് പത്ത് വർഷം മുമ്പ് തൊഴിൽ തേടി കുവൈത്തിലേക്ക് പോയത്. പിന്നീട് സഹോദരനെയും ദുബായിലേക്ക് അയച്ചു. ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി രണ്ട് വർഷം മുമ്പാണ് ഇരുനില വീട് പണി പൂർത്തിയാക്കിയത്. കുവൈത്തിൽ സ്റ്റോർ കീപ്പറായ രൻജിത്തിന്റെ വരുമാനത്താലായിരുന്നു ബാങ്ക് വായ്പ തിരിച്ചടച്ച് വന്നത്. അടുത്ത മാസം നാട്ടിലേക്ക് വന്ന് വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു.പക്ഷെ പുതിയ വീട്ടിൽ താമസിച്ച് വിവാഹ ജീവിതം നയിക്കുന്നതിന് മുമ്പ് വിധി ജീവിതം അപഹരിച്ചു.

നിയുക്ത എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ , എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി, മുൻ എം.പി. പി.കരുണാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, മഹിളാ മോർച്ച കേന്ദ്ര കമ്മിറ്റി അംഗം എ.എൽ. അശ്വിനി, എൻ.സി.പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര തുടങ്ങി നിരവധി പേർ വീട്ടിലെത്തിയിരുന്നു.ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ , എൽ. ഡി. എഫ്. ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ഫാദർ മാത്യു ബേബി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement