പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാൻ പരിമിതികൾ മാത്രം

Saturday 15 June 2024 5:18 AM IST

പൂവാർ:പൂവാർ ഫാമിലി ഹെൽത്ത് സെന്റർ പരിമിതികളിൽ വീർപ്പുമുട്ടുന്നു.

1956ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ആരോഗ്യകേന്ദ്രത്തിൽ 16 കിടക്കകളുടെ സൗകര്യം മാത്രമാണുള്ളത്. കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താൻ സ്ഥലപരിമിതി തടസമാകുന്നതായി അധികൃതർ പറയുന്നു. 56 സെന്റ് ഭൂമിയിൽ നിറയെ ചെറിയ കെട്ടിടങ്ങളാണ്. 3 കോർട്ടേഴ്സുകളിൽ രണ്ടെണ്ണം ഇടിച്ചുപൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 2022ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടം നാശത്തിന്റെ വക്കിലാണിപ്പോൾ.

ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ ആശുപത്രിക്കുള്ളിൽ നിന്നുതിരിയാൻ ഇടമില്ലാതായി. ഉചിതമായ രീതിയിൽ പാർക്കിംഗ് സംവിധാനവുമില്ല. ആശുപത്രിക്ക് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഡോക്ടർമാർ വേണം

പൂവാർ ഫാമിലി ഹെൽത്ത് സെന്ററിന് 8 ഡോക്ടർമാരാണ് ആവശ്യം. എന്നാൽ 6 ഡോക്ടർമാരേ ഇപ്പോഴുള്ളൂ. രാവിലെ 2ഉം രാത്രിയിൽ ഒരു ഡോക്ടറുമാണ് സാധാരണ ഉണ്ടാവുക. ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ല. നഴ്സുമാർ 7 വേണ്ടിടത്ത് 5 പേരും ക്ലീനിംഗ് സ്റ്റാഫ് 4 വേണ്ടിടത്ത് 2 പേരും മാത്രമാണുള്ളത്.

പദ്ധതി പാളിയ എക്സറേ യൂണിറ്റ്

ആശുപത്രിയിൽ എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും പദ്ധതി പാളിപ്പോയി. ഗുണനിലവാരമില്ലാത്തതും പഴയതുമായ എക്സറേ മിഷ്യൻ സ്ഥാപിച്ചതുകൊണ്ടാണ് പ്രവർത്തനം നിലച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. മെഡിസിൻ വാങ്ങാൻ നിലവിലെ തുക അപര്യാപ്തമാണ്. കൂടുതൽ വേണമെന്ന് ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി അധികൃതർ പറയുന്നു.

കൃത്യതയില്ലാതെ പാലിയേറ്രീവ് കെയറും

ഡോക്ടറുടെ സേവനം ഉൾപ്പെടുത്തി വീടുകളിൽ കഴിയുന്ന രോഗികൾക്ക് ചികിത്സ നൽകുന്ന പാലിയേറ്റീവ് കെയർ സംവിധാനം രോഗികളുടെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരുടെ കുറവും കാരണം പലപ്പോഴും കൃത്യത പാലിക്കാൻ കഴിയാറില്ല.

ആശുപത്രിയുടെ സ്ഥലപരിമിതി പരിഹരിച്ചും ആവശ്യത്തിന് ജീവനക്കാരും കെട്ടിടങ്ങളും ഉണ്ടെങ്കിൽ തീരദേശവാസികൾക്ക് ആശ്വാസമാകും. സൗജന്യവും മെച്ചപ്പെട്ടതുമായ ചികിത്സ തീരദേശത്ത് ഉറപ്പുവരുത്താൻ അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് പ്രദേശ‌വാസികൾ ആവശ്യപ്പെടുന്നത്.

വേണ്ടത്ര ജീവനക്കാരുമില്ല

വേണ്ടത്ര ജീവനക്കാരില്ല, കൂടാതെ ചില ഡോക്ടർമാർ അവധിയെടുത്ത് മുങ്ങും. ഒരു മാസത്തിൽ 2 ദിവസം മാത്രം ഡ്യൂട്ടിക്കെത്തുന്ന ഡോക്ടടറും കൂട്ടത്തിലുണ്ട്. ആശുപത്രിയിൽ എത്തിയില്ലെങ്കിലും സ്വകാര്യ പ്രാക്ടീസ് റൂമിൽ കൃത്യമായെത്തുമെന്നും നാട്ടുകാർ പറയുന്നു.

Advertisement
Advertisement