നീറ്റ്:സി.ബി.ഐ അന്വേഷണം തേടിയ ഹർജിയിൽ കേന്ദ്രത്തിനും എൻ.ടി.എക്കും സുപ്രീം കോടതി നോട്ടീസ്

Saturday 15 June 2024 4:36 AM IST

# ജൂലായ് 8ന് വാദം
# കൗൺസലിംഗ് തടയില്ല

ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ച ആരോപണം അടക്കം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജികളിൽ കേന്ദ്രസർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻ.ടി.എ)

നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

അതേസമയം, മെഡിക്കൽ പ്രവേശന കൗൺസലിംഗ് വിലക്കാനാകില്ലെന്ന് കോടതി ആവർത്തിച്ചു.

ഹർജിയിൽ ജൂലായ് എട്ടിന് വാദം കേൾക്കും.

വിഷയം 24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ചാണെന്ന തികഞ്ഞ ബോദ്ധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.

ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിലുള്ള ഹർജി ഇവിടേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീംകോടതിയിൽ ട്രാൻസ്‌ഫർ പെറ്റിഷൻ സമർപ്പിച്ചു. ഹർജിക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നി‌ർദ്ദേശിച്ചു. ജൂലായ് എട്ടിന് ട്രാൻസ്‌ഫർ പെറ്റിഷനും പരിഗണിക്കും.

പഠനനിലവാരം ഇല്ലാത്തവർക്ക്

വാരിക്കോരി ഗ്രേസ് മാർക്ക്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകിയ ഗ്രേസ് മാർക്കിന്റെ പൊള്ളത്തരം ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പുനഃപരീക്ഷ നടത്താൻ തീരുമാനിച്ച 1563 വിദ്യാർത്ഥികളിൽ 773 പേർക്കും ഗ്രേസ് മാർക്ക് ലഭിച്ചിട്ടും യോഗ്യത നേടാനായില്ല. പഠന നിലവാരം ഒട്ടുമില്ലാത്തവർക്കുവരെ ഗ്രേസ്മാർക്കിന്റെ ആനുകൂല്യം എൻ.ടി.എ നൽകിയതിന് തെളിവാണിത്. കോടതിയിൽ നിന്ന് ഇക്കാര്യം എൻ.ടി.എ മറച്ചുപിടിച്ചിരിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം രേഖാമൂലം എഴുതിനൽകാൻ സുപ്രീംകോടതി അഭിഭാഷകനോട് നിർദ്ദേശിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

പരീക്ഷ നടത്താൻ സമരം

പരീക്ഷാഫലം പിൻവലിക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സമരം തുടരുകയാണ്. ഇന്നലെ ഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലും ജന്തർ മന്ദറിലും പ്രതിഷേധമുയർന്നു. രാജ്യവ്യാപകമായി എല്ലാ വിദ്യാർത്ഥി സംഘടനകളും സമരമുഖത്താണ്.

വിദ്യാർത്ഥി പ്രതിനിധികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ‌ർമേന്ദ്ര പ്രധാനെ സന്ദർശിച്ച് ആവശ്യം ഉന്നയിച്ചു.

`വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി നിർദ്ദേശപ്രകാരം പ്രവർത്തിക്കും. കൗൺസലിംഗുമായി മുന്നോട്ടുപോകും.'

-ധ‌ർമേന്ദ്ര പ്രധാൻ,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement