ആശുപത്രി​യി​ൽ കുഞ്ഞോമനകൾക്ക് നഷ്ടമായത് ഉമ്മയെ...

Saturday 15 June 2024 12:26 AM IST

ചികിത്സാപ്പിഴവുകളെപ്പറ്റിയുള്ള ആരോപണങ്ങൾ തുടർക്കഥയായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറ്റവരുടെ ജീവൻ ബലി കൊടുക്കേണ്ടി വന്ന നിരവധി കുടുംബങ്ങളാണ് കണ്ണീരുമായി ദിനങ്ങൾ തള്ളിനീക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനുത്തരവാദികളാരെന്ന ഉത്തരം ലഭിക്കാൻ പോലും വിധിയില്ലാത്തവരാണ് ഇവരിൽ പലരും. അന്വേഷണങ്ങളെല്ലാം പ്രഹസനമാകുന്നത് കണ്ട് നിസ്സഹായരായി കഴിയാൻ വിധിക്കപ്പെട്ടവർ. അവരെപ്പറ്റിയുള്ള പരമ്പര ഇന്ന് മുതൽ....

ആലപ്പുഴ : തൊട്ടിലിൽ ഉറങ്ങുകയാണ് ആയിഷ. മൂന്ന് മാസം മാത്രം പ്രായമുള്ള അവളെ ചൂടു പകർന്ന് താരാട്ടുപാടിയുറക്കാൻ ഉമ്മയില്ല. കൂട്ടിന് അടുത്തുള്ളത് ജ്യേഷ്ഠസഹോദരി അഞ്ച് വയസ്സുകാരി ആബ്ദിയ. മുത്തശ്ശിമാരുടെ കരുതലിലാണ് ആയിഷയും ആബ്ദിയയും ഇപ്പോൾ. ആയിഷ ജനിച്ച് ഒരു മാസത്തോളം പിന്നിട്ടപ്പോൾ ഈ ലോകത്ത് നിന്ന് യാത്രയായതാണ് ഉമ്മ ഷിബിന. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 28നായിരുന്നു പുറക്കാട് കരൂർ വേലിക്കകം വീട്ടിൽ അൻസാറിന്റെ ഭാര്യ ഷിബിനയുടെ മരണം. ചികിത്സാപ്പിഴവാണെന്ന് ആരോപണം ഉയർന്നെങ്കിലും തുടർനടപടികൾ ഇപ്പോഴും വൈകുകയാണ്.

കഴിഞ്ഞ മാർച്ചിൽ രണ്ടാം പ്രസവത്തിന്റെ നാലാം ദിവസം ഷിബിനയെ ഡിസ്ചാർജ് ചെയ്തെങ്കിലും കുഞ്ഞിന് മഞ്ഞനിറമുള്ളതിനാൽ ആശുപത്രിയിൽ തുടർന്നു. ഇതിനിടെ പനി ബാധിച്ചു. രാത്രി കലശലായ വയറുവേദനയുണ്ടായി. ഗർഭിണികൾക്ക് സമാനമായി വീണ്ടും വയറ് വീർത്തു. കൂടെ മൂത്രതടസവും. നടക്കാൻ പ്രയാസപ്പെട്ട ഷിബിനയെ വീൽച്ചെയറിലാണ് അത്യാഹിതവിഭാഗത്തിൽ എത്തിച്ചത്. മൂത്രം പോകാൻ ട്യൂബിട്ടു. വൈകാതെ ഡയാലിസിസ് ആരംഭിച്ചു. മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ അവശയായതോടെ ഡയാലിസിസ് നിർത്തി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ മൂന്ന് പ്രാവശ്യം കൂടി ഡയാലിസിസ് നടത്തി. ഒരുമാസത്തോളം നീണ്ട ഐ.സി.യുവിലെ ചികിത്സയ്ക്കൊടുവിലാണ് ഷിബിന മരിച്ചത്. രോഗമെന്തെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണം അണുബാധ മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പ്രസവസമയത്ത് ചികിത്സാപ്പിഴവിലുണ്ടായ ബാക്ടീരിയൽ അണുബാധയാണ് ഷിബിനയുടെ ജീവൻ കവർന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. ഡ്രൈവറായ അൻസാറിന്റെ കുടുംബവീട്ടിൽ, ഷിബിനയുടെയും അൻസാറിന്റെയും മാതാപിതാക്കൾ ഒരുമിച്ചാണ് കുഞ്ഞുങ്ങളെ ഇപ്പോൾ സംരക്ഷിക്കുന്നത്.

പാൽമധുരം നൽകി ബന്ധുവിന്റെ കരുതൽ

കേവലം രണ്ട് ദിവസമാണ് ഷിബിനയ്ക്ക് ആയിഷയ്ക്ക് മുലപ്പാൽ നൽകാനായത്. എന്നെന്നേക്കുമായി അമ്മയെ നഷ്ടമായെങ്കിലും, കരുതലിന്റെ കരങ്ങൾ ആയിഷയെ കൈവിട്ടില്ല. അവളിന്നും അമ്മിഞ്ഞപ്പാലിന്റെ മധുരം നുകരുന്നുണ്ട്. ഷിബിനയുടെ ഭർത്താവ് അൻസാറിന്റെ ബന്ധുവായ യുവതിയാണ് തന്റെ കുഞ്ഞിനൊപ്പം ആയിഷയ്ക്കും മുലപ്പാൽ പങ്കുവെയ്ക്കുന്നത്. ദിവസേന രണ്ട് നേരം വീട്ടിലെത്തിയാണ് യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നത്. സ്കൂൾ തുറന്നതോടെ ദിവസം ഒരു നേരം മാത്രമേ യുവതിക്ക് ആയിഷയ്ക്ക് അടുത്തേയ്ക്ക് എത്താനാവുന്നുള്ളു. ബാക്കിനേരം മുലപ്പാലിന് പകരമുള്ള പൊടി കലക്കി തയാറാക്കിയ പാലിലാണ് ആയിഷ വിശപ്പടക്കുന്നത്. ആബ്ദിയ പുതിയ അദ്ധ്യയന വർഷത്തിൽ യു.കെ.ജി ക്ലാസിൽ പോയിത്തുടങ്ങി.

റിപ്പോർട്ടിന് 3 മാസം

ചികിത്സയുടെയും മരണകാരണത്തിന്റെയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസം വേണ്ടിവരുമെന്നാണ് ന്യൂനപക്ഷകമ്മീഷനെ ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

Advertisement
Advertisement