തെരുവ് നായ് വന്ധ്യംകരണം, എങ്ങുമെത്താതെ പദ്ധതി

Saturday 15 June 2024 1:29 AM IST

ആലപ്പുഴ: ഹരിപ്പാട് പേവിഷ ബാധയേറ്റ് മരിച്ച എട്ടുവയസുകാരൻ ദേവനാരായണന്റെ മരണം നാടിന് തീരാനൊമ്പരമായി തുടരുമ്പോഴും ജില്ലയിൽ പേവിഷ പ്രതിരോധവും തെരുവുനായ് വന്ധ്യംകരണവും തുടങ്ങിയ ഇടത്തുതന്നെ നിൽക്കുകയാണ്. ഒരുവർഷം മുമ്പ് ആസൂത്രണം ചെയ്‌ത തെരുവുനായ ജനനനിയന്ത്രണ പദ്ധതി, കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം കാത്ത് ഫയലിലുറങ്ങുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ എ.ബി.സി പദ്ധതി ആരംഭിക്കുമെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, അംഗീകാരം ലഭിക്കാതായതോടെ പദ്ധതി അനിശ്ചിതത്വത്തിലാണ്.

കുട്ടികൾ ഉൾപ്പെടെയുള്ളവരെ തെരുവുനായ് ആക്രമിക്കുകയും പേവിഷ ഭീതി പരക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയിൽ തെരുവുനായ നിർമ്മാർജന പരിപാടി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചത്.

സൗകര്യങ്ങൾ സജ്ജം, അനുമതി മതി

1. മൃഗസംരക്ഷണവകുപ്പിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെരുവുനായ് വന്ധ്യംകരണത്തിന് ആലപ്പുഴ ബീച്ചിലെയും കണിച്ചുകുളങ്ങരയിലെയും എ.ബി.സി സെന്ററുകളിൽ ഉപകരണങ്ങളെല്ലാം സജ്ജമാക്കി ജീവനക്കാരുടെ നിയമന നടപടികളും പൂർത്തിയാക്കിയപ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായത്

2.വന്ധ്യംകരണത്തിന് വിധേയമാക്കുന്നആൺനായ്ക്കളെ 4 ദിവസവും പെൺനായ്ക്കളെ അഞ്ചുദിവസവും പരിചരിക്കേണ്ടതുണ്ട്. ഈ സമയത്ത് ഇവയെ പാർപ്പിക്കുന്നതിനായി 70 ഓളം കൂടുകൾ വേണം. കണിച്ചുകുളങ്ങരയിലും ആലപ്പുഴയിലും ഇത് ലഭ്യമാക്കി

3. എ.ബി.സി സെന്ററിലെ ഓപ്പറേഷൻ തീയേറ്ററിന് ആവശ്യമായ ആട്ടോക്ലേവ് മെഷീൻ, ഫ്രി‌ഡ്ജ്,​ ഇൻവെർട്ടർ തുടങ്ങിയവ സംവിധാനങ്ങളെല്ലാം മാസങ്ങളായി സജ്ജമാണ്.

4.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചതും എ.ബി.സി പദ്ധതിയിലെ കേന്ദ്ര നടപടികളെ പിന്തുടരുന്നതിൽ മൃഗ സംരക്ഷണ വകുപ്പിന് തടസമായി. 10,​000 നായ്ക്കൾക്ക് ഇതിനകം പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്

ഹോട്ട് സ്പോട്ടുകൾ

ഒരുവർഷം മുമ്പ് : 19

നിലവിൽ : 30

തെരുവുനായ്ക്കൾ

ഒരുവർഷം മുമ്പ് : 19,000

നിലവിൽ : 25,​000

ബീച്ചിലും കണിച്ചുകുളങ്ങരയിലും എ.ബി.സി സെന്ററുകൾ സജ്ജമാണ്. ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കാൻ കഴിയും

- ജില്ലാ വെറ്ററിനറി ഓഫീസർ,​ ആലപ്പുഴ

Advertisement
Advertisement