വിദ്യാർത്ഥികൾക്ക് രക്ഷകരായത് ശ്രീകുമാറും ചിരഞ്‌ജീവിയും

Saturday 15 June 2024 12:32 AM IST

മാന്നാർ : ഇന്നലെ ആലയിൽ അഗ്നിക്കിരയായ സ്കൂൾ ബസിലുണ്ടായിരുന്ന പതിനേഴ് വിദ്യാർത്ഥികളെയും പോറൽപോലും ഏൽക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചത് ഡ്രൈവർ കെ.സി ശ്രീകുമാറിന്റെ ധീരതയും സമയോചിതമായ ഇടപെടലും. ഒപ്പം ബസിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി ചിരഞ്‌ജീവിയുടെ പിന്തുണയും. ആലാ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് കിഴക്ക്വശത്തായി ഇന്നലെ രാവിലെ 8 .45 നായിരുന്നു അപകടം. മാന്നാർ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂളിലെ ബസായിരുന്നു അഗ്നിക്കിരയായത്. വിദ്യാർത്ഥികളുമായി വന്ന ബസിന്റെ മുൻ ഭാഗത്തു നിന്നും അസാധാരണ മണവും ഒപ്പം ചെറിയ പുകയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശ്രീകുമാർ ബസ് ഒതുക്കുകയും പെട്ടെന്ന് തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ കുട്ടികളെയും പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിനീട് ശ്രീകുമാറും ചിരഞ്‌ജീവിയും ചേർന്ന് ബസിലെ അഗ്നി രക്ഷാ ഉപകരണങ്ങളും തൊട്ടടുത്ത വീടായ അഡ്വ.ജെയ്‌സണിന്റെ വീട്ടിലെ അഗ്നി രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമണങ്ങളും നടത്തി. ശ്രീ ഭുവനേശ്വരി സ്‌കൂളിൽ ഇരുപത് വർഷത്തിലധികമായി ജോലി ചെയ്യുന്ന കുരട്ടിക്കാട് കുമാർ ഭവനത്തിൽ കെ.സി ശ്രീകുമാർ സ്‌കൂളിലെ ബസ് ഡ്രൈവറായിട്ട് പത്ത് വർഷത്തോളമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയപ്പെട്ട ഡ്രൈവറാണ്. പതിനഞ്ച് വർഷത്തോളമായി ഭുവനേശ്വരി സ്‌കൂൾ ജീവനക്കാരനായ ചിരഞ്‌ജീവി അപകട സമയത്ത് കുട്ടികളെ ബസിൽ നിന്നും ഇറക്കുവാനും തീ അണയ്ക്കുവാനും വളരെയധികം കഷ്ടപ്പെട്ടിരുന്നു. സ്‌കൂൾ തുറക്കുന്നതിനു മുമ്പായി ബസിലെ ജീവനക്കാർക്ക് ചെങ്ങന്നൂർ ആർ.ടി.ഒയുടെ നേതൃത്വത്തിൽ പ്രത്യേക ക്‌ളാസുകൾ നടത്തിയത് തുണയായെന്ന് പറഞ്ഞ ശ്രീകുമാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായും ഇത്തരം ക്‌ളാസുകൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇരുവരെയും സ്‌കൂൾ മാനേജർ പ്രദീപ് ശാന്തിസദനം അഭിനന്ദിച്ചു.

Advertisement
Advertisement