പക്ഷി​പ്പനി​ : ആശങ്കയി​ൽ മുഹമ്മ കായിപ്പുറം

Saturday 15 June 2024 12:34 AM IST

മുഹമ്മ : മുഹമ്മ പഞ്ചായത്ത്‌ നാലാം വാർഡിൽ കാക്കകൾ ചത്തത് പക്ഷി​പ്പനി​ മൂലമാണെന്ന് സ്ഥി​രീകരി​ച്ചതോടെ പ്രദേശവാസി​കൾ ആശങ്കയി​ൽ. പാതയോരങ്ങളിൽ കാക്കകൾ മയങ്ങിയിരിക്കുന്നതും ചത്തുകിടക്കുന്നതും പതി​വ് കാഴ്ചയായി മാറി. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വ്യാഴാഴ്ച വൈകിട്ടാണ് ലഭിച്ചത്. കേന്ദ്ര പഠന സംഘം കഞ്ഞിക്കുഴി, ചേർത്തല തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.

കാലവർഷാരംഭത്തിൽ മുഹമ്മ സംസ്കൃത സ്കൂളിനു കിഴക്കു വശമുള്ള ഇടറോഡുകളിൽ ഈയാം പാറ്റകളെ തിന്നുന്നതിനായി നൂറുകണക്കിന് ദേശാടന പക്ഷികളും കാക്കകളും മത്സരിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കാക്കകൾ കൂട്ടത്തോടെ ചത്തത് എന്ന് സമീപ വാസിയായ പ്രൊഫ.കൃഷ്ണപ്പൻ പറഞ്ഞു. നാലാംവാർഡിലെ സാനിറ്റേഷൻ കമ്മിറ്റി അടിയന്തര യോഗം ചേരുകയും എല്ലാവീടുകളിലും ജനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ഡി. വിശ്വനാഥൻ,ജെ എച്ച് ഐ വിഷ്ണു,ജെ.പി.എച്ച്.എൻ മഞ്ജു, കൺവീനർ പി.എ.കൃഷ്ണപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement