കലഹം തീർക്കാൻ ശ്രീകണ്ഠൻ എത്തും

Friday 14 June 2024 11:51 PM IST

സ്ഥാനാരോഹണച്ചടങ്ങ് നാളെ വൈകിട്ട് മൂന്നിന് ഡി.സി.സിയിൽ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ കോലഹലങ്ങൾ അൽപ്പം കെട്ടടങ്ങിയെങ്കിലും മുന്നോട്ടുള്ള പോക്കിൽ അനിശ്ചിതത്വം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജോസ് വള്ളൂ‌ർ രാജിവച്ചെങ്കിലും പകരക്കാരൻ ആരെന്നതിൽ വ്യക്തതയില്ല. പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റും എം.പിയുമായ വി.കെ. ശ്രീകണ്ഠൻ ഇന്ന് മുതൽ താത്കാലിക ചുമതലക്കാരനാകും. പ്രശ്നങ്ങളെല്ലാം രമ്യതയിലെത്തിച്ച ശേഷം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വം.

ശ്രീകണ്ഠൻ ഇന്നലെ ചുമതല ഏറ്റെടുക്കാനായിരുന്നു നിശ്ചയിച്ചതെങ്കിലും കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നു. ഇതേത്തുട‌‌ർന്ന് നാളെ വൈകിട്ട് മൂന്നിന് സ്ഥാനാരോഹണച്ചടങ്ങ് നടക്കും. ബ്ലോക്ക് പ്രസിഡന്റുമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം അന്നേദിവസം വിളിച്ചിട്ടുണ്ട്. തോൽവിയുടെ പശ്ചാത്തലത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നു. തോൽവിക്ക് ശേഷമുള്ള വിവാദങ്ങളും സംഘർഷങ്ങളുമാണ് രാജിക്ക് വേഗം കൂട്ടിയത്.

ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിനെയും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റിനെയും മാത്രം ബലിയാടാക്കിയെന്നതിൽ ചില പ്രവർത്തകർക്കിടയിൽ പ്രതിഷേധവുമുണ്ട്. നേരത്തെ മണ്ഡലം, ബ്ലോക്ക് പ്രതിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പലയിടത്തും പൊട്ടിത്തെറികളുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ഇനി കടമ്പ ചേലക്കര ഉപതിരഞ്ഞെടുപ്പ്
ഡി.സി.സി പ്രസിഡന്റായി ചുമതലയേൽക്കുന്ന വി.കെ. ശ്രീകണ്ഠന് മുന്നിലെ വെല്ലുവിളി ആറുമാസത്തിനകം നടക്കാനിരിക്കുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും പിടിച്ചെടുക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ സ്ഥാനാർത്ഥിനിർണയും കീറാമുട്ടിയാകും.

ആലത്തൂരിൽ എം.പിയായിരുന്ന രമ്യ ഹരിദാസിന് നറുക്ക് വീഴാനുള്ള സാദ്ധ്യതയുണ്ട്. അതിനിടെ രമ്യക്കെതിരെ ഒരു വിഭാഗം കരുക്കൾ നീക്കിയതായി അറിയുന്നു. രമ്യക്കെതിരെ ചേലക്കരയിലും പരിസരത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ സി.സി. ശ്രീകുമാറായിരുന്നു കഴിഞ്ഞതവണ സ്ഥാനാർത്ഥി. കെ.വി. ദാസൻ, എൻ.കെ. സുധീർ എന്നിവരും പരിഗണനാ പട്ടികയിലുള്ളവരാണ്.

പൊതുസമ്മതനായ പുതുമുഖത്തെ സ്ഥാനാർത്ഥിയാക്കുന്നതിനെക്കുറിച്ചും അണിയറയിൽ ചർച്ചകൾ സജീവമാണ്.


എല്ലാം സമാധാനപരമായി കൊണ്ടുപോകാമെന്നാണ് പ്രതീക്ഷ. ചാർജെടുത്ത ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കും.
- വി.കെ. ശ്രീകണ്ഠൻ എം.പി

Advertisement
Advertisement