വയനാട്ടിൽ പ്രിയങ്ക മത്സരിച്ചേക്കും

Saturday 15 June 2024 12:17 AM IST

ന്യൂഡൽഹി : വയനാടാണോ റായ്‌ബറേലിയാണോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിയുന്നതെന്ന് ഇന്ന് തീരുമാനമെടുത്തേക്കും. രാഹുൽ ഒഴിയുന്ന സീറ്റിൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും.

രാഹുൽ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അരങ്ങേറ്റമാകുമിത്. കന്നി അങ്കവും.

2019 മുതൽ തന്നെ പ്രിയങ്ക മത്സരിക്കാനിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വാരാണസിയിൽ മോദിക്കെതിരെ നിൽക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അതുണ്ടായില്ല. 2022ൽ ഉത്തർപ്രദേശ് നിയമസഭയിലേക്കും മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലോ,​ അമേഠിയിലോ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.

Advertisement
Advertisement