യമുനാതീരത്തെ ശിവക്ഷേത്രം പൊളിക്കാമെന്ന് സുപ്രീംകോടതിയും

Saturday 15 June 2024 1:06 AM IST

ന്യൂഡൽഹി: യമുനാ നദീതീരത്തെ സംരക്ഷിത മേഖലയിലുള്ള ശിവക്ഷേത്രം പൊളിച്ചുനീക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതിയും. ഭഗവാൻ ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ല തുടങ്ങിയ ശ്രദ്ധേയ നിരീക്ഷണങ്ങൾ ഹൈക്കോടതി ജഡ്‌ജി ധർമേഷ് ശ‌ർമ്മയുടെ ഭാഗത്തു നിന്നുണ്ടായത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അനുഗ്രഹവും സംരക്ഷണവും തേടി നമ്മൾ ജനങ്ങളാണ് ഭഗവാൻ ശിവനെ സമീപിക്കുന്നതെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ച് ഇന്നലെ വ്യക്തമാക്കി. പ്രാചീന ക്ഷേത്രമാണെന്ന ഹർജിക്കാരായ ഭാരവാഹികളുടെ വാദവും തള്ളി. പുരാതന ക്ഷേത്രങ്ങൾ ശില കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. സിമെന്റ് കൊണ്ടല്ല. പെയിന്റടിച്ചതും അല്ല. ഇവയെല്ലാം അടുത്തിടെ നിർമ്മിച്ച ക്ഷേത്രങ്ങളാണെന്നും നിരീക്ഷിച്ചു.

യമുനയുടെ കരയിലെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നത് ഭഗവാന് കൂടുതൽ സന്തോഷം പകരുന്ന കാര്യമായിരിക്കുമെന്ന് നിരീക്ഷിച്ചിരുന്ന ഡൽഹി ഹൈക്കോടതി, ഈശ്വരനെ കക്ഷിയായി ചേർത്തതിനെ ചോദ്യംചെയ്‌തിരുന്നു. സംരക്ഷിത മേഖലയിലെ ശിവക്ഷേത്രം പൊളിച്ചുനീക്കാൻ ഡൽഹി വികസന അതോറിട്ടി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ക്ഷേത്രസമിതി കോടതികളെ സമീപിച്ചത്.

Advertisement
Advertisement