ആൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ പുതൽവൻ പദ്ധതി ആഗസ്റ്റ് മുതലെന്ന് സ്റ്റാലിൻ

Saturday 15 June 2024 2:14 AM IST

ചെന്നൈ: സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ പഠിച്ച് വിജയിച്ച് കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം 1000രൂപ സഹായമായി നൽകുന്ന 'തമിഴ്‌ പുതൽവൻ' പദ്ധതി ആഗസ്റ്റ് മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സർക്കാർ സ്കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസിൽ പഠിച്ചവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. ചെന്നൈ കോട്ടൂർപുരത്തുള്ള അണ്ണാ സെന്റിനറി ലൈബ്രറിയിൽ നടന്ന 'കല്ലൂരി കനവ് 2024' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ. കോളേജുകളിൽ ചേർന്ന് പഠിക്കാൻ സാധാരണ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നേരത്തെ 'പുതുമൈ പെൺ' എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. ഈ പദ്ധതി വിജയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ആൺകുട്ടികൾക്കായും പദ്ധതികൊണ്ടു വരുന്നത്.

തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ലോകനിലവാരത്തെ വെല്ലുവിളിക്കുന്ന തരത്തിൽ വളരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്റ്റാലിൻ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ തമിഴ് മീഡിയം പഠിച്ച് പത്താം ക്ലാസിൽ 100 ശതമാനം നേടിയ 43 വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം നൽകും.