മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

Saturday 15 June 2024 7:12 AM IST

റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ജി 7 ഉച്ചകോടിയ്ക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വേദിയിൽ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. മാർപാപ്പയ്ക്ക് മോദി ആശംസകൾ നേർന്നു. മനുഷ്യരെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

ഇന്നലെ ഉച്ചകോടിയിൽ ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഊർജ്ജം, ആഫ്രിക്ക - മെഡിറ്ററേനിയൻ സെഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരുടെയും ചരിത്ര കൂടിക്കാഴ്ച. ഇരുവരും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും. ജി 7ന്റെ ചരിത്രത്തിൽ ആദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. സെഷനെ അഭിസംബോധന ചെയ്ത അദ്ദേഹം മാരക ഓട്ടണോമസ് ആയുധങ്ങൾ നിരോധിക്കണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

സായുധ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഉപകരണങ്ങളുടെ വികസനവും ഉപയോഗവും അപകടകരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. യുദ്ധ ഭൂമിയിലെ പ്രയോഗം അടക്കം നിർമ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളിലേക്കും അദ്ദേഹം വിരൽചൂണ്ടി. 13ന് ഇറ്റലിയിലെ അപ്പൂലിയയിൽ ആരംഭിച്ച ഉച്ചകോടി ഇന്ന് സമാപിക്കും.

Advertisement
Advertisement