യുക്രെയിൻ സൈന്യത്തെ പിൻവലിച്ചാൽ ചർച്ച: പുട്ടിൻ

Saturday 15 June 2024 7:12 AM IST

മോസ്കോ : നാറ്റോയിൽ ചേരാനുള്ള നീക്കം ഉപേക്ഷിക്കുകയും തങ്ങൾ പിടിച്ചെടുത്ത നാല് പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ തൊട്ടടുത്ത ദിവസം സമാധാന ചർച്ചകൾക്ക് തയാറാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ആ നിമിഷം തന്നെ യുക്രെയിനിൽ വെടിനിറുത്തൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയത്. അന്നേ വ‌ർഷം സെപ്തംബറിൽ ഡൊണെസ്‌ക്, ലുഹാൻസ്‌ക്, ഖേഴ്സൺ, സെപൊറീഷ്യ എന്നീ നാല് പ്രവിശ്യാ മേഖലകൾ തങ്ങൾ പിടിച്ചെടുത്തെന്നും റഷ്യയോട് കൂട്ടിച്ചേർത്തെന്നും പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുക്രെയിനോ ലോക രാജ്യങ്ങളോ ഇത് അംഗീകരിച്ചിട്ടില്ല.

അതേ സമയം, പാശ്ചാത്യ രാജ്യങ്ങളെ പുട്ടിൻ രൂക്ഷമായി വിമർശിച്ചു. സ്വാർത്ഥരും അഹങ്കാരമുള്ളതുമായ പാശ്ചാത്യ ശക്തികൾ ലോകത്തെ മടങ്ങിവരാൻ കഴിയാത്ത വിധം അസ്വീകാര്യമായ ഇടത്തേക്ക് എത്തിക്കുകയാണെന്ന് പുട്ടിൻ ആരോപിച്ചു. അവർ ലോകത്തിന്റെ സ്ഥിരതയ്ക്ക് തുരങ്കം വയ്ക്കുന്നു. തങ്ങളുടെ താത്പര്യങ്ങളെല്ലാം അവർ അവഗണിച്ചു. യുക്രെയിനെ ചർച്ചകളിൽ നിന്ന് വിലക്കുന്നു. എന്നാൽ തങ്ങൾ ചർച്ചയ്ക്ക് തയാറാകണമെന്ന് പറഞ്ഞ് അവർ കാപട്യം കാട്ടുന്നെന്നും മോസ്കോയിൽ നടന്ന യോഗത്തിൽ പുട്ടിൻ പ്രതികരിച്ചു.

അതേ സമയം, പുട്ടിന്റെ നിർദ്ദേശം യുക്രെയിനും നാറ്റോയും തള്ളി. യുക്രെയിനിലെ കൂടുതൽ പ്രദേശങ്ങൾ കൈവശപ്പെടുത്താനും യുദ്ധ ലക്ഷ്യങ്ങൾ നേടുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് പുട്ടിൻ അവതരിപ്പിച്ചതെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൾറ്റൻബർഗ് പറഞ്ഞു. പിടിച്ചെടുത്തെന്ന് പറയുന്നതടക്കം തങ്ങളുടെ മണ്ണിൽ നിന്ന് റഷ്യ പൂർണമായും പിന്മാറണമെന്നാണ് യുക്രെയിന്റെ ആവശ്യം.

Advertisement
Advertisement