ജി 7ൽ സെലൻസ്കിയുമായി കൂടിക്കാഴ്ച: സമാധാനത്തിലേക്കുള്ള വഴി ചർച്ചകളെന്ന് മോദി

Saturday 15 June 2024 7:16 AM IST

 സഹകരണം ശക്തമാക്കാൻ ലോകനേതാക്കൾ

റോം: യുക്രെയിൻ സംഘർഷം പരിഹരിക്കുന്നതിന് മനുഷ്യകേന്ദ്രീകൃതമായ സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സമാധാനത്തിലേക്കുള്ള വഴി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിക്കിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘർഷ സാഹചര്യം ഇരുവരും വിലയിരുത്തി. സമാധാന ചർച്ചകൾക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്നും നാളെയും സ്വിറ്റ്‌സർ‌ലൻഡിൽ നടക്കുന്ന യുക്രെയിൻ സമാധാന ഉച്ചകോടിയിലേക്ക് ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കാൻ തീരുമാനിച്ച മോദിക്ക് സെലെൻസ്കി നന്ദി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാൻ ധാരണയായി.

ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെയാണ് മോദി ഇറ്റലിയിലെത്തിയത്. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. ജി 7 ഉച്ചകോടിയുടെ 50 - ാം പതിപ്പാണ് ഇത്തവണ. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.

11ാം തവണയാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇതിൽ അഞ്ച് തവണ മോദി തുടർച്ചയായി പങ്കെടുത്തു. ഇന്ത്യ അടക്കം 13 രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനുമാണ് ഇത്തവണ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

 സഹകരണം ശക്തമാക്കാൻ ഫ്രാൻസ്

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയിൽ കൂടുതൽ ഇന്ത്യ - ഫ്രാൻസ് സംരംഭങ്ങൾ സൃഷ്ടിക്കും. ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമ്മിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനമായി. പാരീസ് ഒളിമ്പിക്‌സിന് മോദി ആശംസകൾ നേർന്നു.

 വ്യാപാര കരാർ: യു.കെ തിരഞ്ഞെടുപ്പിന് ശേഷം

ഇന്ത്യ - യു.കെ സ്വതന്ത്ര വ്യാപാര കരാർ യു.കെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഒപ്പിട്ടേക്കുമെന്ന് സൂചന. അടുത്ത മാസം നാലിനാണ് യു.കെയിൽ തിരഞ്ഞെടുപ്പ്. ചർച്ചകളുടെ പുരോഗതി വിലയിരുത്താൻ ഇന്ത്യയിലെയും യു.കെയിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

2022ലാണ് കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്. ഇതുവരെ 13 റൗണ്ട് ചർച്ചകൾ പൂർത്തിയായി. അതിനിടെ, സെമികണ്ടക്ടർ, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നത് ഇന്നലെ മോദി - ഋഷി സുനക് കൂടിക്കാഴ്ചയിൽ ചർച്ചയായി.

 സാങ്കേതിക വിദ്യയെ ക്രിയാത്മകമാക്കണം: മോദി

സാങ്കേതിക വിദ്യയെ ക്രിയാത്മകമാക്കണമെന്നും വിനാശകരമായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ജി 7 ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഊർജ്ജം, ആഫ്രിക്ക - മെഡിറ്ററേനിയൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെ ഇന്ത്യ ഒരു നല്ല ഭാവിക്കായി പരിശ്രമിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ദേശീയ നയം രൂപപ്പെടുത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയിൽ എ.ഐ രംഗത്തെ അന്താരാഷ്ട്ര ഇടപെടലിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, 2047ഓടെ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്നത് തങ്ങളുടെ ദൃഢനിശ്ചയമാണെന്നും സമൂഹത്തിലെ ഒരു വിഭാഗത്തെയും പിന്നാക്കം പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിൽ എത്തിക്കുക എന്ന ലക്ഷ്യം 2070ഓടെ കൈവരിക്കാൻ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും തങ്ങൾ നടത്തുന്നു. വരാനിരിക്കുന്ന സമയത്തെ ഹരിത യുഗമാക്കാൻ നാം ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

 ജി 7 - പ്രധാന തീരുമാനങ്ങൾ

 യുക്രെയിനും യു.എസും 10 വർഷ സുരക്ഷാ കരാറിൽ ഒപ്പിട്ടു. യുക്രെയിന് യു.എസ് കൂടുതൽ പ്രതിരോധ പിന്തുണയും സൈനിക പരിശീലനവും ഉറപ്പാക്കുന്നതാണ് കരാർ

 യുക്രെയിന് ജി 7 രാജ്യങ്ങൾ 5000 കോടി ഡോളർ വായ്പ നൽകും. യുക്രെയിൻ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി ജി 7 രാജ്യങ്ങളിൽ പിടിച്ചെടുത്ത റഷ്യൻ ആസ്തികളിൽ നിന്നുള്ള ലാഭവിഹിതമാണിത്

 ആഗോള ഭക്ഷ്യസുരക്ഷയ്ക്കായി പുതിയ സംരംഭം. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഭക്ഷ്യ സുരക്ഷയ്ക്കും പോഷകാഹാരത്തിനുമുള്ള തടസ്സങ്ങൾ പരിഹരിക്കുക ലക്ഷ്യം

Advertisement
Advertisement