ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു, നടുങ്ങി കട്ടപ്പനയിലെ ജനങ്ങൾ

Saturday 15 June 2024 7:34 AM IST

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കട്ടപ്പന സുവർണഗിരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്.

ഭാര്യവീട്ടിലെത്തിയ സുബിനും അയൽവാസിയായ ബാബുവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് പ്രകോപിതനായ ബാബു സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ സുബിനെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്കുതർക്കത്തിനുള്ള കാരണം വ്യക്തമല്ല.

ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും ബാബു ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഉദയകുമാറിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന പ്രതിക്കെതിരെ നിരവധി പരാതികൾ പൊലീസിൽ ലഭിച്ചിട്ടുള്ളതാണ്.

വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട സുബിൻ. മകൾ എസ.

Advertisement
Advertisement