കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരുത്തി യുവാവ് കടന്നുകളഞ്ഞു; കുഴഞ്ഞുവീണ യുവതി ആശുപത്രിയിൽ

Saturday 15 June 2024 11:54 AM IST

കോട്ടയം: കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. പിന്നാലെ അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മാഞ്ഞൂർ മാൻവെട്ടത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ഇന്നലെ ഉച്ചയോടെയാണ് മാൻവെട്ടം ജംഗ്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുവരും എത്തിയത്. രണ്ടുപേരും സംസാരിച്ചിരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനിടെ യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവതിയെ ഉപേക്ഷിച്ച് കാമുകൻ കടന്നുകളയുകയും ചെയ്തു.

യുവതി കരഞ്ഞുകൊണ്ട് ഇരിക്കുന്നതുകണ്ട് നാട്ടുകാരിൽ ചിലർ കാര്യം തിരക്കിയെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ യുവതി കുഴഞ്ഞുവീണതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞീഴൂരുള്ള യുവതിയുടെ അമ്മയെ വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും വന്നില്ല. യുവതിയെ സമീപത്തുള്ള പഞ്ചായത്തിലെ അഭയകേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ് പൊലീസ്.

കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. പത്തനംതിട്ട സ്വദേശിയാണ് കാമുകനായ യുവാവ്. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് യുവതി കാമുകനൊപ്പം പോയതെന്നാണ് വിവരം. യുവാവിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നുതന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement