'ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി', മോദിയുമൊത്തുള്ള മെലോണിയുടെ വീഡിയോ വൈറലാകുന്നു

Saturday 15 June 2024 1:15 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും സെൽഫി വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വിദേശ യാത്രയാണ് മോദിയുടേത്.

നമസ്‌തേ പറഞ്ഞ് മോദിയെ സ്വീകരിച്ച മെലോണി മോദിയോടൊപ്പം സെൽഫി എടുത്തു. ചിത്രം വൈറലായതിന് പിന്നാലെ, ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി എന്ന ഹാഷ്‌ടാഗോടെ മോദിക്കൊപ്പം ചിത്രീകരിച്ച സെൽഫി വീഡിയോയും ജോ‌ർജിയ എക്‌സിൽ പങ്കുവച്ചു. മിനിട്ടുകൾകൊണ്ട് പത്ത് ലക്ഷത്തോളം ജനങ്ങളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് ലൈക്കും വീഡിയോയ്‌ക്ക് ലഭിച്ചു.

കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫി ഇന്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ മെലോണിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയത്.

ജോർജിയ മെലോണിയുമായി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച്, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് ജോർജിയ മെലോണി പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഇതിനിടെ മെലോണിക്ക് ഷെയ്‌ക്ക് ഹാൻഡ് നൽകുന്ന ചിത്രങ്ങൾ മോദി തന്റെ ഫേസ്ബുക്കിലും എക്സിലും പങ്കുവച്ചു. നന്ദി മെലോണി എന്നും പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച്ച നടത്തി എന്നും മോദി എഴുതി.

Advertisement
Advertisement