'കെ സി വേണുഗോപാലിന്റെ കൈയിലെ മദ്യഗ്ലാസ്' വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസിന്റെ പരാതി

Saturday 15 June 2024 8:33 PM IST

ന്യൂഡൽഹി : എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രം ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണത്തിന് എതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ഗ്ലാസിൽ കട്ടൻചായയുമായി നിൽക്കുന്ന ചിത്രം മദ്യം കഴിച്ചുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് ഹൈദരാബാദ് പൊലീസിൽ നൽകിയ പരാതിയിൽ കോൺഗ്രസ് വിശദീകരിച്ചു. കോൺഗ്രസ് നിയമസഭാംഗം ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്.ഐ.ആറിന്റെ പകർപ്പും അദ്ദേഹം എക്സിൽ പങ്കുവച്ചു.

ശശാങ്ക് സിംഗ് എന്ന വ്യക്തിയാണ് വേണുഗോപാലിന്റെ ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ റസ്റ്റാറന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്റാറന്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ താമരശേരി വൈറ്റ് ഹൗസ് റസ്റ്റാറന്റിൽ രാഹുൽ ഗാന്ധിയുമൊന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ വേണുഗോപാൽ ചായ കുടിക്കുന്ന ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്ന് കോൺഗ്രസ് പറയുന്നു.